പള്ളുരുത്തി സ്കൂളിലെ സിസ്റ്റർ ഹെലീനക്ക് മികച്ച പ്രിൻസിപ്പലിനുള്ള പുരസ്കാരം; ഹിജാബ് വിവാദവും പിന്നീടുള്ള ഇംഗ്ലീഷ് പ്രസംഗവും കൊണ്ട് ശ്രദ്ധ നേടിയ അദ്ധ്യാപിക
ഹിജാബ് വിവാദങ്ങൾക്കിടെ കൊച്ചി പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിയ്ക്ക് വലിയൊരു പുരസ്കാരം പ്രഖ്യാപിച്ചിരിക്കുകയാണ് റോട്ടറി ഇന്റർനാഷണൽ ക്ലബ്. റോട്ടറി ഇന്റർനാഷണൽ എക്സലൻസ് അവാർഡുകളിലെ ഏറ്റവും മികച്ച പ്രിൻസിപ്പാളിനുള്ള പുരസ്കാരമാണ് സിസ്റ്റർ ഹെലീനക്ക് നൽകുന്നതെന്ന് ക്ലബ് സെക്രട്ടറി ജെ മോസസ് അറിയിച്ചു.
സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ വിദ്യാര്‍ഥിനി ഹിജാബ് ധരിച്ചെത്തിയതും സ്കൂള്‍ മാനേജ്മെന്റ് എതിര്‍പ്പ് പ്രകടിപ്പിച്ചതും വിവാദമായിരുന്നു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പലരും ഇടപെട്ടിട്ടും ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സ്കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. വിഷയം സംബന്ധിച്ച് സ്കൂള്‍ പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ ഹെലീന ആല്‍ബിയുടെ പ്രതികരണങ്ങളും വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഈ വിവാദങ്ങൾക്കിടെയാണ് റോട്ടറി ക്ലബ്ബ് ഇന്റർനാഷണൽ തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിക്കുന്നത്.
വിവാദങ്ങളല്ല, വിദ്യഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതെന്നും നേരത്തെ ലഭിച്ച നിർദേശങ്ങളിൽ നിന്നാണ് സിസ്റ്ററെ തെരഞ്ഞെടുത്തതെന്നും സെക്രട്ടറി പറഞ്ഞു. അടുത്ത മാസം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖരെയും ആദരിക്കും. ഇവരുടെ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും ക്ലബ് സെക്രട്ടറി മോസസ് അറിയിച്ചു.
വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ച് സ്കൂളിലെത്തുന്നത് വിലക്കിയതോടെ സംഭവം വിവാദമായി മാറിയിരുന്നു. സ്കൂളിനെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കിയിട്ടും ഹിജാബ് വിഷയത്തില്‍ നിലപാടിലുറച്ചു നില്‍ക്കുകയായിരുന്നു പ്രിന്‍സിപ്പല്‍.
സ്കൂളിലെ നിയമങ്ങളും നിബന്ധനകളും പാലിച്ച് വിദ്യാര്‍ത്ഥിനി വന്നാല്‍, ആദ്യ ദിനം വന്ന അതേ സ്നേഹത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുവോളം വിദ്യ നല്കാന് സ്കൂള്‍ തയ്യാറാണ്. നല്ലതു സംഭവിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. പൂര്‍ണമായും ഇന്ത്യന്‍ മാര്‍ഗത്തിലൂള്ള വിദ്യാഭ്യാസമാണ് സെന്റ് റീത്താസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ മന്ത്രിക്ക് മറുപടിയായി പറഞ്ഞിരുന്നു.
അന്ന് പലരും ചോദിച്ച ഒരു കാര്യമാണ് സ്കൂൾ തുറന്ന് മാസങ്ങൾ പിന്നിട്ട ശേഷമാണോ പെൺകുട്ടിക്ക് ഹിജാബ് ധരിക്കാൻ തോന്നിയതെന്നും അത് ഗൂഢാലോചനയുടെ ഭാഗമല്ലേ എന്നുമൊക്കെ.
എന്നാൽ സ്കൂൾ തുറന്ന ഒന്നാം ദിവസം മുതൽ ആ പെൺകുട്ടി വീട്ടിൽ നിന്നും സ്കൂളിലേക്ക് ഇറങ്ങുന്നത് തലയിൽ തട്ടമിട്ടുകൊണ്ടാണ്. സ്കൂളിലെത്തി ക്ലാസിൽ കയറുന്നതിന് മുമ്പ് തട്ടം അഴിച്ച് ബാഗിൽ വെക്കും. ക്ലാസ് കഴിഞ്ഞു വരുമ്പോൾ വീണ്ടും തട്ടം തലയിൽ ചുറ്റും. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് പെൺകുട്ടി വീട്ടിൽ പറഞ്ഞെങ്കിലും വീട്ടുകാർ അതൊരു പ്രശ്നമായി കണ്ടതുമില്ല.
സ്കൂളിലെ ഒരു പരിപാടിക്കാണ് ഈ വിവാദം തുടങ്ങുന്നത്. പതിവ് പോലെ പെൺകുട്ടി ഹിജാബ് ധരിച്ച് സ്കൂളിലെത്തി. ആ ദിവസം പരിപാടി ഹാളിൽ ആയത് കൊണ്ട് തന്നെ വലിയൊരു കൂട്ടം ആളുകൾ അവിടെ ഉള്ളത് കാരണം പെൺകുട്ടി ഹിജാബ് മാറ്റിയില്ല. അതോടെയാണ് ഈ ഹിജാബ് വിഷയം വിവാദമായി മാറിയത്.
തന്റെ നാല് പെൺമക്കളും പഠിച്ചത് ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ ആണെന്ന് ആ പിതാവ് പറയുന്നുണ്ട്. ഒരു മകളെ ലണ്ടനിൽ പിജിക്കും മറ്റൊരു മകളെ റഷ്യയിൽ എംബിബിഎസിനും പഠിപ്പിക്കുന്ന ആളാണ് അനസ് എന്ന ആ പിതാവ്. അങ്ങനെയുള്ള ഒരു പിതാവിനോട് വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെ കുറിച്ചും മതപരമായ വേഷം ധരിക്കുന്നതിനെ കുറിച്ചും ചോദ്യങ്ങൾ ചോദിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ടിസി വാങ്ങിയ അനസിന്റെ മകൾ ഇന്നുമുതൽ ഡോൺ പബ്ലിക് സ്കൂളിൽ പഠിക്കാൻ പോയിത്തുടങ്ങി. ക്രിസ്ത്യ മാനേജ്മെന്റിന്റെ ആ സ്കൂളിൽ ഹിജാബ് ധരിച്ച് തന്നെയാണ് അനസിന്റെ മകൾ പോയതും.
എന്തായാലും വിവാദമായ ഹിജാബിന്റെ പേരിൽ, ഒട്ടേറെ ചർച്ചകളിൽ നിറഞ്ഞ് നിന്ന സിസ്റ്റർ ഹെലീന എന്ന പ്രിൻസിപ്പൽ ഇപ്പോൾ ആദരിക്കപ്പെടുകയാണ്. ഈ പ്രിൻസിപ്പലിന്റെ അന്നത്തെ ഇംഗ്ലീഷ് പ്രസംഗം കേട്ടിട്ടാണോ ഈ അവാർഡ് അവർക്ക് കൊടുക്കുന്നത് എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ, അവരെ കുറ്റം പറയാനും കഴിയില്ല.













