സൈബര്‍ ആക്രമണത്തില്‍ പിന്തുണച്ചില്ല; ഗായക സംഘടനയില്‍നിന്ന് സൂരജ് സന്തോഷ് രാജിവച്ചു

സിനിമാ ഗായകരുടെ സംഘടനയായ ‘സമ’ (സിങ്ങേഴ്സ് അസോസിയേഷൻ ഒഫ് മലയാളം മൂവീസ്) യില്‍ നിന്നു യുവ ഗായകൻ സൂരജ് സന്തോഷ് രാജിവച്ചു. സൈബര്‍ ആക്രമണത്തില്‍ തന്നെ സംഘടന പിന്തുണച്ചില്ല എന്നു വ്യക്തമാക്കിയാണ് രാജി. അയോധ്യ രാമക്ഷേത്ര വിവാദത്തില്‍ ഗായിക കെ എസ് ചിത്രയെ സൂരജ് വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം.
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള ചിത്രയുടെ വാക്കുകളെയാണ് സൂരജ് വിമര്‍ശിച്ചത്. ചിത്രയെപ്പോലെയുള്ള കപടമുഖങ്ങള്‍ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നായിരുന്നു സൂരജിന്റെ വിമര്‍ശനം. വസ്തുത സൗകര്യപൂര്‍വം മറക്കുന്നുവെന്നും എത്ര ചിത്രമാര്‍ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നുമായിരുന്നു സൂരജിന്റെ പ്രതികരണം.
തനിക്കെതിരെ ഇപ്പോള്‍ സംഘടിത സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും. ഇതിനുമുൻപും ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും സമൂഹമാധ്യമത്തിലൂടെ സൂരജ് പറഞ്ഞിരുന്നു. നിയമനടപടികള്‍ സ്വീകരിക്കുമെന്നു വ്യക്തമാക്കിയ സൂരജ് താൻ തളരില്ല, തളര്‍ത്താൻ പറ്റില്ല എന്നും കൂട്ടിച്ചേര്‍ത്തു.