കാട്ടുപന്നികളെ വെടിവെയ്ക്കാൻ അനുമതി ഇനിമുതൽ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നൽകാം; നിർണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍
കാട്ടുപന്നികളെ വെടിവെയ്ക്കുന്നതിന് അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്കാന് സംസ്ഥാന സർക്കാർ. കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നടപടി. നിലവില്‍ പന്നിയെ വെടിവെയ്ക്കാനുള്ള അനുമതി നൽകേണ്ടത് വനം വകുപ്പിലെ ചീഫ് ലൈഫ് വാര്‍ഡനാണ്.
ഇന്നു നടന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയനയം തീരുമാനമായത്. പന്നിയെ വെടിവെച്ചു കൊന്ന ശേഷം ശാസ്ത്രീയമായി സംസ്കരിക്കണം. പന്നികളെ വിഷം പ്രയോഗിച്ചോ, ഷോക്കടിപ്പിച്ചോ കൊല്ലരുത് എന്നിങ്ങനെ നിരവധി മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്. പന്നികളെ കുരുക്കിട്ട് പിടികൂടുന്നതിന് തടസമില്ല. തോക്ക് ലൈസന്‍സുള്ള ആളുകള്‍ക്കും പൊലീസുകാര്‍ക്കും കാട്ടുപന്നിയെ വെടിവെയ്ക്കാന്‍ അനുമതി നല്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്.
കാട്ടുപന്നി ശല്യം തടയാനുള്ള നിലവിലെ മാര്‍ഗങ്ങള്‍ അപര്യാപ്തമായ സാഹചര്യം മുന്‍ നിര്‍ത്തിയാണ് ഈ പുതിയ തീരുമാനം. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ മൂന്നില്‍ ഉള്‍പ്പെടുന്ന വന്യജീവിയാണ് കാട്ടുപന്നി. മലയോര മേഖലകളിലെ കൃഷിയിടത്തില്‍ കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത്.
Content Highlight – State government issue permits to Local bodies for shooting wild boar