തലസ്ഥാനത്ത് തെരുവുയുദ്ധം; യൂത്ത് കോണ്‍ഗ്രസും പോലീസും ഏറ്റുമുട്ടി
നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരേ പോലീസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് ലാത്തിവീശി. ബാരിക്കേഡ് മറിച്ചിട്ട് സെക്രട്ടേറിയേറ്റിലേക്ക് ഓടിക്കയറാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരേ ജലപീരങ്കി പ്രയോഗിച്ചിരുന്നു. കൊടികെട്ടിയ വടിയും ചെരുപ്പുകളും പ്രതിഷേധക്കാര്‍ പോലീസിനു നേരെ എറിഞ്ഞു. ഷീല്‍ഡുകള്‍ അടിച്ചുപൊട്ടിച്ചു.
ഇതിനിടെ പോലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റിയ പ്രവര്‍ത്തകനെ മറ്റുള്ളവര്‍ ചേര്‍ന്ന് പുറത്തിറക്കി. പോലീസ് ബസിന്റെ മുൻവശത്തെ ചില്ലും പ്രതിഷേധക്കാര്‍ അടിച്ചുപൊട്ടിച്ചു. സംഘര്‍ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാതെ പിൻമാറില്ലെന്നും മുതിര്‍ന്ന നേതാക്കളടക്കം സ്ഥലത്തെത്തുമെന്നും അദ്ദേഹം അറിയിച്ചു.