അയൽവാസി വീട്ടിലേക്കുള്ള വഴി അടച്ചു; വില്ലേജോഫീസിലെത്തി ആത്മഹത്യാഭീഷണി മുഴക്കി അമ്മയും മകളും
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ വില്ലേജ് ഓഫീസിൽ അമ്മയുടെയും മകളുടെയും ആത്മഹത്യാ ഭീഷണി. ചക്കിട്ടപ്പാറ പളളുരുത്തിമുക്കിലെ മേരി എന്ന പെണ്ണമ്മയും മകൾ ജാസ്റ്റിയുമാണ് വില്ലേജ് ഓഫീസിലെത്തി പ്രതിഷേധിച്ചത്. വീട്ടിലേക്കുള്ള വഴി അയൽവാസി കെട്ടിയടച്ചു എന്നാരോപിച്ചാണ് വില്ലേജോഫീസിലെത്തി ആത്മഹത്യാ ഭീഷണിമുഴക്കിയത്.
കഴിഞ്ഞയാഴ്ച വരെ ഇവരുടെ വീട്ടിലേക്കുണ്ടായിരുന്ന വഴി അയൽവാസി അനധികൃതമായി കെട്ടിയടച്ചു എന്നാണ് ഇവർ പറയുന്നത്. ഇക്കാര്യം പരാതിയായി വില്ലേജോഫീസിൽ പെണ്ണമ്മയും മകളും നൽകിയിരുന്നതുമാണ്. പക്ഷേ അതിൽ പരിഹാരം കാണാൻ അധികൃതർ തയ്യാറായില്ലെന്ന് പറഞ്ഞാണ് ഇന്ന് ഉച്ചയോടെ അമ്മയും മകളും വില്ലേജോഫീസിലെത്തിയത്.
രാവിലെ മുതൽ ഓഫീസിന് മുന്നിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. കയ്യിൽ ഒരു കുപ്പിയിൽ മണ്ണെണ്ണ കരുതിയാണ് ഇരുവരും വില്ലേജോഫീസിൽ എത്തിയത്. ഇത് പൊലീസ് പിടിച്ചെടുത്തു. പ്രശ്നത്തെ കുറിച്ച് വിശദമായി മനസ്സിലാക്കാൻ തഹസിൽദാർ സ്ഥലത്തെത്തി.
നേരത്തെ ഈ പരാതിയെ കുറിച്ച് അന്വേഷിച്ച പഞ്ചായത്ത്, വില്ലേജ് അധികൃതർ അയൽവാസിക്ക് അനുകൂലമായാണ് തീരുമാനമെടുത്തത്. തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും വില്ലേജിലേക്ക് പോവാൻ നിർദേശിക്കുകയായിരുന്നു.
Content Highlights: Suicide attempt at village office Chakkittappara, Kozhikode