സംസ്ഥാനത്ത് ചൂട് കൂടുന്നു; ശരാശരി താപനിലയില്‍ വര്‍ധനവ്
സംസ്ഥാനത്ത് താപനില ഉയരുന്നു. മിക്ക ജില്ലകളിലും ശരാശരി താപനിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി മഴ മാറി നിന്നതും മേഘങ്ങളുടെ കുറവുമാണ് ചൂട് കൂടാൻ കാരണം.
കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെല്ലാം താപനില 30 ഡിഗ്രി കടന്നു. 34 ഡിഗ്രി സെഷ്യല്‍സ് താപനിലയാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്. 4.2 ഡിഗ്രി സെല്‍ഷ്യസ് അധികമാണ് രേഖപ്പെടുത്തിയത്. ആലപ്പുഴ 33.6° സെല്‍ഷ്യസും , കോഴിക്കോട് 33 ഡിഗ്രി സെല്‍ഷ്യസും, കണ്ണൂര്‍ 32.7 ഡിഗ്രി സെല്‍ഷ്യസും , തിരുവനന്തപുരം 32.5 ഡിഗ്രി സെല്‍ഷ്യസും , പാലക്കാട് 30.9 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി. മറ്റു ജില്ലകളിലും ചൂട് കൂടുതലാണ്.
കാലവര്‍ഷം തുടങ്ങി 63 ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്ത് 11 ദിവസം മാത്രമാണ് വേണ്ട രീതിയില്‍ മഴ ലഭിച്ചത്. കെഎസ്ഇബിയുടെ ഡാമുകളില്‍ ജലനിരപ്പ് താഴ്ന്നു. മുൻ വര്‍ഷത്തെ അപേക്ഷിച്ച് 30 മുതല്‍ 50 ശതമാനം വരെയാണ് ജലസംഭരണികളിലെ വെള്ളത്തിന്റെ കുറവ്. വൈദ്യുതി വകുപ്പിന്റെ 15 ഡാമുകളിലും വെള്ളം കുറവാണ്. വരുന്ന ദിവസങ്ങളില്‍ മഴ ലഭിച്ചിച്ചെങ്കില്‍ ആഭ്യന്തര ജലവൈദ്യുതോല്പാദനത്തെയും ഇത് ബാധിക്കും.