“ആദ്യം സ്ഫോടനം കൊച്ചിയിൽ”: ഞെട്ടിക്കുന്ന ഭീഷണി സന്ദേശം മെട്രോ ട്രെയിനിൽ
കൊച്ചിയിൽ മെട്രോ ട്രെയിനിന് പുറത്ത് സ്ഫോടന ഭീഷണി സന്ദേശം. മുട്ടത്തെ മെട്രോ യാർഡിൽ നിർത്തിയിട്ടിരുന്ന “പമ്പ” എന്ന ട്രെയിനിൻ്റെ പുറത്ത് “സ്ഫോടനം, ആദ്യ ആക്രമണം കൊച്ചിയിൽ“ എന്ന് എഴുതിവെച്ചതാണ് ആശങ്കയുണർത്തുന്നത്. അതീവ സുരക്ഷാമേഖലയായ മെട്രോ യാർഡിൽ നുഴഞ്ഞുകയറിയ ആരോ ആണ് സ്പ്രേ പെയിൻ്റ് ഉപയോഗിച്ച് ട്രെയിനിൻ്റെ ബോഗികളിൽ ഭീഷണി സന്ദേശങ്ങൾ എഴുതിവെച്ചത്. സംഭവത്തിൽ രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ടെന്ന് കേരളകൗമുദി ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഇക്കഴിഞ്ഞ മേയ് 22-നാണ് യാർഡിൽ പാർക്ക് ചെയ്തിരുന്ന ട്രെയിനിൻ്റെ പുറത്ത് ഇംഗ്ലീഷിൽ പല നിറത്തിലുള്ള സ്പ്രേ പെയിൻ്റുകൊണ്ടെഴുതിയ നിലയിൽ സ്ഫോടന ഭീഷണി സന്ദേശങ്ങൾ കാണപ്പെട്ടത്. ട്രെയിനിൻ്റെ മൂന്നു ബോഗികളിൽ ഇത്തരത്തിൽ ലിഖിതങ്ങൾ ഉണ്ടായിരുന്നു. മെട്രോ ലോഗോയോടൊപ്പമായിരുന്നു ലിഖിതങ്ങൾ. ഇതേത്തുടർന്ന് പമ്പ ട്രെയിനിൻ്റെ സർവ്വീസ് നിർത്തിവെച്ചിട്ടുണ്ട്.
രാത്രി സർവ്വീസ് അവസാനിപ്പിച്ചശേഷം യാർഡിൽ കൊണ്ടിട്ടപ്പോഴാകാം ട്രെയിനിൽ ഭീഷണി സന്ദേശം എഴുതിയതെന്നാണ് പൊലീസിൻ്റെ നിഗമനം. അതീവസുരക്ഷയുള്ള മെട്രോയാർഡ് സ്ഥിതിചെയ്യുന്നത് കളമശേരി ആലുവ റൂട്ടിലെ മുട്ടം മെട്രോ സ്റ്റേഷനോട് ചേർന്നാണ്. യാർഡിൽ സായുധരായ 12 പൊലീസുകാർ സദാ കാവലുണ്ട്. കേരള പൊലീസിൻ്റെ ഭാഗമായ സംസ്ഥാന വ്യവസായ സുരക്ഷാസേനയ്ക്കാണ് മൊത്തം മെട്രോ സംവിധാനത്തിൻ്റെയും സുരക്ഷാ ചുമതല. പ്ലാറ്റ്ഫോമുകൾ പൂർണമായും ക്യാമറ നിരീക്ഷണത്തിലാണ്.
മെട്രോ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതേസംബന്ധിച്ചുള്ള വിശദാംശങ്ങൾ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. അതിക്രമിച്ച് കയറിയത് ആരെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് വി യു കുര്യാക്കോസ് പ്രതികരിച്ചു. കേസെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും സുരക്ഷാകാര്യങ്ങൾ സർക്കാർ നോക്കുമെന്നുമായിരുന്നു കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്ര പ്രതികരിച്ചത്. കേരളകൗമുദിയോടായിരുന്നു ഇരുവരുടെയും പ്രതികരണങ്ങൾ.
Content Highlights: Terror threat in Kochi Metro