സിനിമക്കാർ സഖാവ് വി എസിനെ കാണാൻ എത്തിയില്ല!!! ലഹരിക്കും സ്ത്രീപീഡനത്തിനും എതിരേ എന്നും പോരാടിയ സഖാവിന് അതൊരു ബഹുമതിയാണ്

അന്തരിച്ച മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ സഖാവ് വി എസ് അച്യുതാനന്ദന്റെ
ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ ജനലക്ഷങ്ങളാലാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. അതിലും എത്രയോ ഇരട്ടി ആള്കുലാണ് ടി വി ചാനലുകളിൽ രണ്ടു ദിവസത്തിൽ കൂടുതൽ നീണ്ടു നിന്ന ലൈവ് ടെലകാസ്റ്റ് കണ്ടത്.
കനത്ത മഴയെ അവഗണിച്ചും വഴിയോരത്ത് ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളുമൊക്കെ പാതിരാത്രിയിലും സഖാവിനെ അവസാനമായി കാണാൻ റോഡിലേക്ക് എത്തിയിരുന്നു. അങ്ങനെയുള്ളതിൽ ഏറ്റവും നല്ലൊരു കാഴ്ച സമ്മാനിച്ചത് മുൻ പ്രതിപക്ഷ നേതാവും ആഭ്യന്തര മന്ത്രിയും ഒക്കെയായ ശ്രീ രമേശ് ചെന്നിത്തലയാണ്.
വിലാപയാത്ര തുടങ്ങി, ഏറെ മണിക്കൂറുകൾക്ക് ശേഷം ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചപ്പോൾ അവിടെ പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയ സഖാവിനെ മഴയത്തും കാത്തുനിന്നത്. അവരുടെ കൂട്ടത്തിൽ ഒരാളായി രമേശ് ചെന്നിത്തലയും വിഎസിനെ അവസാനമായി ഒരുനോക്കുകാണാൻ എത്തിയിരുന്നു. സ്വന്തം നിയോജക മണ്ഡലമായ ഹരിപ്പാടാണ് രമേശ് ചെന്നിത്തല, വി എസിനെ കാത്തുനിന്നത്. ഹരിപ്പാട് വച്ച് ബസിനുള്ളിൽ കയറിയ ചെന്നിത്തല വി എസിന് അന്ത്യാഞ്ജലി അർപ്പിച്ചു.
‘ഹരിപ്പാടുമായി വിഎസിന് വളരെയേറെ വ്യക്തിബന്ധമുണ്ട്. ഇവിടെയുള്ള ഓരോരുത്തരേയും നേരിട്ട് അറിയാവുന്ന ആളാണ്. വ്യക്തിപരമായി ഞങ്ങൾ തമ്മില് വളരെ അടുപ്പമുള്ളവരാണ്. എന്റെ മണ്ഡലത്തിലൂടെ വി എസിന്റെ അന്ത്യയാത്ര കടന്നുപോകുമ്പോൾ സ്വാഭാവികമായും ഞാനിവിടെ ഇരിക്കണ്ടേ’- എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.
കനത്ത മഴയിലും കൊച്ചു കുട്ടികളും സ്ത്രീകളും മുതൽ വൃദ്ധന്മാർ വരെ മണിക്കൂറുകളോളം വി.എസിനെ കാണാൻ തെരുവോരത്ത് കാത്ത് നിന്നു, ഇതിൽ ഭിന്നശേഷിക്കാരും ഉണ്ടായിരുന്നു. തന്റെ ശബ്ദംവരെ നഷ്ടമാകുവാൻ സാധ്യതയുള്ള ഒരു ഓപ്പറേഷന് വിധേയനാകാൻ പോകുന്ന ഒരു യുവാവ് ആശുപത്രിയിലേക്ക് പോകും മുൻപ് വി.എസിൻ്റെ മുഖത്ത് നോക്കി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യവും ആരും മറക്കാനിടയില്ല.
എന്നാൽ ചരിത്രത്തിൽ ഇന്നുവരെ ഒരാൾക്കും ലഭിക്കാത്ത തരത്തിൽ, കേരളാ ജനത ആദരവ് നൽകി, വി.എസിനെ യാത്ര ആക്കുമ്പോൾ മലയാള സിനിമാലോകം അദ്ദേഹത്തോട് കാട്ടിയിരിക്കുന്നത് വലിയ നെറികേടാണ് എന്നു തന്നെ പറയേണ്ടിവരും. ചില പ്രമുഖ താരങ്ങൾ സോഷ്യൽ മീഡിയകളിൽ അനുശോചനം രേഖപ്പെടുത്തി എന്നതല്ലാതെ പ്രമുഖ താരങ്ങൾ വി.എസ് എന്ന ജനകീയ നേതാവിനെ തിരിഞ്ഞു നോക്കിയിട്ടില്ല.
ആലപ്പുഴ ജില്ലക്കാരായ എത്രയോ താരങ്ങൾ പോലും വി.എസിനോട് മുഖം തിരിച്ച് നിന്നു.
തൊട്ടടുത്തുള്ള എറണാകുളമാണ് സകല സിനിമക്കാരുടെയും താവളം. അവിടുള്ള ഒരു പ്രമുഖ നടനും ആലപ്പുഴയിലേക്ക് എത്തിയില്ല.
ആൾക്കൂട്ടത്തിന്റെ ഇടയിൽ വരുന്നത് സെലിബ്രിറ്റികൾക്ക് പ്രശ്നം ആണെങ്കിൽ ദർബാർ ഹാളിൽ വച്ച്, പൂർണ്ണ സുരക്ഷാ സംവിധാനത്തോടെ, ദർശനം ഒരുക്കിയപ്പോൾ അവിടെപ്പോയി അന്ത്യോപചാരം അർപ്പിക്കാമായിരുന്നു. എന്നാൽ ആ അവസരവും ആരും ഉപയോഗിച്ചില്ല.
സഖാവ് വി എസിനെ കാണാൻ ഇവരൊക്കെ നിര്ബന്ധമായി പോകണമെന്ന് ആരും പറയില്ല. പക്ഷെ അതൊരു സാമാന്യ മര്യാദയാണ്. എക്കാലത്തും സ്ത്രീ പീഡനങ്ങൾക്കും ലഹരിക്കും എതിരെ പൊരുതിയ നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ. ഇനി അതുകൊണ്ടാണോ സിനിമ നടന്മാർ പോകാത്തതെന്ന് പൊതുജനം തെറ്റിദ്ധരിച്ചാലും, അവരെ കുറ്റം പറയാൻ പറ്റില്ല.
ലഹരി ഉപയോഗവും സ്ത്രീ പീഡനവും അരങ്ങ് തകർക്കുന്ന സിനിമാ ലോകത്തിന് വി എസ് ഒരു ശത്രു തന്നെ ആയിരിക്കും. ഒരു തരത്തിൽ ഈ ഷോ കാണിക്കുന്ന മാന്യന്മാർ ആരും വരാത്തതും നന്നായി. വി എസ് എന്ന പോരാളിയെ സ്നേഹിച്ചവരുടെ കൂട്ടത്തിൽ നിങ്ങളുടെ സാന്നിധ്യം ഇല്ലാത്തതാണ് സഖാവ് വി എസിന് ലഭിക്കാവുന്ന ഏറ്റവും നല്ല ആദരാഞ്ജലി.