ചോർന്നൊലിക്കുന്ന വീട്ടിൽ കാൽ വഴുതിവീണ് എംഎൽഎ; ജപ്തിഭീഷണിയിൽ കഴിയുന്ന നാട്ടിക എംഎൽഎ സി സി മുകുന്ദൻ

നമ്മുടെ സംസ്ഥാനത്തെ ഒരു എംഎൽഎ യുടെ വീടും ജപ്തി ഭീഷണിയിലാണ്. ആ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തെന്നിവീണ് അദ്ദേഹത്തിന് പരുക്കേൽക്കുകയും ചെയ്തു. നാട്ടിക എംഎല്‍എ സിസി മുകുന്ദനാണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ബുധനാഴ്ച രാത്രിയിൽ ഇങ്ങനെ അപകടം സംഭവിച്ചത്. വീടിന് അകത്തെക്ക് കയറിയ എംഎല്‍എ, മഴയില്‍ ചോര്‍ന്നൊലിച്ച്, വീടിനുള്ളിൽ കെട്ടി നിന്ന വെള്ളത്തില്‍ ചവിട്ടി, തെന്നിവീഴുകയായിരുന്നു. വീഴ്ചയില്‍ കാലിന് പരിക്കേറ്റ എംഎല്‍എ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്.
സി സി മുകുന്ദന് എംഎല്‍എയുടെ വീട് ജപ്തി ഭീഷണിയിലാണെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സിപിഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടായ ഇറങ്ങിപ്പോകല്‍ വിവാദത്തിനു പിന്നാലെ എംഎല്‍എ തന്നെയാണ് തന്റെ സാമ്പത്തിക ബാധ്യത സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
പതിനെട്ടുലക്ഷത്തിലേറേ വരുന്ന വായ്പാ ബാധ്യതയാണ് സിസി മുകന്ദനുള്ളത്. ബാധ്യത തീര്‍ക്കാന്‍ വീടുവില്‍ക്കുന്നത് ഉള്‍പ്പെടെ ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മകളുടെ വിവാഹത്തിനായി കാരമുക്ക് സഹകരണബാങ്കില്‍ നിന്ന് പത്തുവര്‍ഷം മുന്‍പ് ആറുലക്ഷം രൂപ വായ്പ എടുത്തിരുന്നു.
തിരഞ്ഞടുപ്പിനുമുന്‍പ് ഒരുതവണ വായ്പ പുതുക്കിയിരുന്നു. ഇപ്പോള്‍ ആ വായ്പയുടെ കുടിശ്ശിക പതിനെട്ടേ മുക്കാൽ ലക്ഷമായി. ജപ്തിക്കാര്യമറിയിച്ച് ബാങ്കുകാര് പലതവണ എംഎൽഎക്ക് കത്തയച്ചിരുന്നു. താൻ ഒരു എംഎല്‍എ ആയതുകൊണ്ടാണ് ബാങ്കുകാർ ഇറക്കിവിടാത്തതെന്നും മുകുന്ദന് പറഞ്ഞിരുന്നു.
ഗവ.ആശുപത്രി റോഡിനു സമീപമുള്ള അഞ്ചര സെന്റിലാണ് സിപിഐക്കാരനായ എംഎല്‍എയുടെ കൊച്ചുവീട് ഉള്ളത്. ഹാളും കിടപ്പുമുറികളും മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. പണ്ടൊരു കുടിലായിരുന്നെങ്കിലും പിന്നീട് ഇത് ഓട് മേയുകയായിരുന്നു. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തില്‍ മുന്നിലെ വരാന്തയുടെയും അടുക്കളയുടെയും മേല്‍ക്കൂരകള്‍ കോണ്‍ക്രീറ്റ് ചെയ്തത് കൊണ്ട് ആ ഭാഗങ്ങളിൽ ചോർച്ചയില്ല.
എംഎല്‍എയായപ്പോള്‍ വീടൊന്ന് പുതുക്കണമെന്ന് കരുതിയെങ്കിലും വാങ്ങിയ കാറിന്റെ തിരിച്ചടവ് കഴിഞ്ഞേ എംഎല്‍എ ഓണറേറിയം ലഭിക്കുകയുള്ളൂ . അന്ന് കാര്‍ വാങ്ങാതെ വീട് പുതുക്കിയാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നാറുണ്ടെന്ന് എംഎൽഎ പറയുന്നു.
അന്തിക്കാട് ചെത്ത് തൊഴിലാളി സഹകരണസംഘത്തിലെ ഓഫിസ് അസിസ്റ്റന്റ് ആയിരുന്നു സി.സി.മുകുന്ദന്. സമരങ്ങള്‍ക്കും യോഗങ്ങള്‍ക്കും വേണ്ടി കുറെ അവധിയെടുത്തത് കൊണ്ട് ഹാജര്‍ കുറവായിരുന്നു അതുകൊണ്ട്, പിരിഞ്ഞുപോരുമ്പോള്‍ ആനുകൂല്യമായി ആകെ കിട്ടിയത് 65,000 രൂപ മാത്രമായിരുന്നു.
ഇരിങ്ങാലക്കുടയിൽ നടന്ന സി.പി.ഐ. തൃശ്ശൂർ ജില്ലാ സമ്മേളനത്തിലാണ് സി.സി. മുകുന്ദനെ കൗൺസിലിൽ നിന്നും ഒഴിവാക്കിയത്. ഇതിന് പിന്നാലെ പാർട്ടിയിൽ തന്നെ ഒറ്റതിരഞ്ഞ് ആ ക്രമിക്കാൻ ശ്രമം നടന്നു എന്നും സി.സി. മുകുന്ദൻ ആരോപിചിരുന്നു. അഴിമതിക്കാരനായ പി.എ. തന്റെ ഒപ്പിട്ട് പണം തട്ടാൻ ശ്രമിച്ചപ്പോൾ പാർട്ടി അയാൾക്ക് പൂർണ്ണ സംരക്ഷണം നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ തനിക്ക് മറ്റുപാര്‍ട്ടികളില്‍ നിന്ന് ക്ഷണമുണ്ടൈന്നും മുകുന്ദൻ പറഞ്ഞു. സിപിഐഎം, കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ നാട്ടികയില്‍ വീണ്ടും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വേറെ പാര്‍ട്ടിയിലേക്ക് പോകേണ്ട കാര്യമില്ല. എന്റെ പാര്‍ട്ടി എന്നെ രക്ഷിക്കുമെന്നാണ് പൂര്‍ണ ബോധ്യം. അതിനകത്ത് മറ്റ് വിഷയങ്ങള്‍ ഒന്നുമില്ല എന്നും എംഎൽഎ പറയുന്നു.