പേനയും പേപ്പറും നെഞ്ചോട് ചേർന്നു; ശ്രീനി മടങ്ങി
മലയാളികളെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും മറക്കാനാകാത്ത ഒട്ടേറെ ഓർമകൾ സമ്മാനിച്ച അതുല്യ പ്രതിഭ നടൻ ശ്രീനിവാസന് വിട നൽകി കേരളം. ഇന്ന് രാവിലെ 11:50 ഓടെ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. അങ്ങേയറ്റം വൈകാരിക നിമിഷങ്ങൾക്കാണ് കണ്ടനാട്ടെ വീടും പരിസരവും സാക്ഷിയായത്. മക്കളായ വിനീതും ധ്യാനും അന്ത്യകർമങ്ങൾ നിർവഹിച്ചു. മൂത്തമകൻ വിനീത് ശ്രീനിവാസൻ ആണ് ചിതയ്ക്ക് തീ കൊളുത്തിയത്.
ഒരേസമയം മലയാളത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസനെ പേനയും പേപ്പറും നെഞ്ചോട് ചേർത്താണ് ആത്മസുഹൃത്ത് സത്യൻ അന്തിക്കാട് യാത്രയാക്കിയത്. അവാസാനമായി പ്രിയ താരത്തെ ഒരു നോക്ക് കാണാൻ കണ്ടനാട്ടെ വീട്ടിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്.













