പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തരം, മുറിക്കകത്ത് പോലീസുകാരെ പൂട്ടിയിടണമായിരുന്നു; കെ. സുധാകരന്
പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തരമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച മുറിയില്‍ പോലീസ് അര്‍ധരാത്രി പരിശോധന നടത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണമുണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയന്റെ പാര്‍ട്ടിയും കെ. സുരേന്ദ്രന്റെ ബി.ജെ.പിയുമാണ്. പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തരമാണ്. മുറിക്കകത്ത് പോലീസുകാരെ പൂട്ടിയിടണമായിരുന്നു. പാതിരാത്രി വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളത്. ഈ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണം. കോടതിയില്‍ ആവശ്യപ്പെടും.
അനധികൃത പണമില്ലെങ്കില്‍ എന്തിനാണ് റെയ്ഡിനെ എതിര്‍ക്കുന്നത്. എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ ചോദ്യം ശുദ്ധ അസംബന്ധമാണ്. നേതാക്കളായാല്‍ സാമാന്യബുദ്ധിയും വിവേകവും വിവരവും വേണം. അതൊന്നുമില്ലാത്ത മരക്കണ്ടം പോലുള്ള രാമകൃഷ്ണനും ആളുകള്‍ക്കും വായില്‍ത്തോന്നിയത് പറയാനുള്ളതല്ല രാഷ്ട്രീയം.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എവിടെയും കള്ളപ്പണവുമായി ബന്ധപ്പെട്ട സംഭവമില്ല. രാത്രിയില്‍ പരിശോധിച്ചിട്ട് കള്ളപ്പണം രണ്ട് ചാക്ക് കൊണ്ടുപോയോ എന്നും അദ്ദേഹം പറഞ്ഞു.