15 വര്‍ഷം കഴിഞ്ഞ വാഹനം ഒഴിവാക്കി; കൂട്ടത്തില്‍ എംവിഡിയുടെ വണ്ടിയും പോയി

മലപ്പുറം തിരൂരങ്ങാടി സബ് ആര്‍ടി ഓഫീസില്‍ വാഹനം ഇല്ലാതെയായിട്ട് രണ്ടാഴ്ച്ച കഴിയുന്നു.15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സബ് ആര് ടി ഓഫീസിലെ വാഹനം ഒഴിവാക്കിയത്. ഇതോടെ വാഹന പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന് വാഹനമില്ലാത്ത അവസ്ഥയായി.
തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പിന് സ്വന്തമായി ഉണ്ടായിരുന്നത് ഒരു വാഹനം മാത്രമാണ്. ഈ മാസം ഏഴാം തീയതിയതി വാഹനത്തിന്റെ കാലാവധി കഴിഞ്ഞതോടെ വാഹനം കട്ടപ്പുറത്തായി. വാഹന മില്ലാതായതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഏറെ ദുരിതത്തിലാണ്.ഡ്രൈവിംഗ് ടെസ്റ്റ് സ്ഥലത്തോ, വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഗ്രൗണ്ടിലോ എത്താന്‍ ഉദ്യോഗസ്ഥര്‍ ഏറെ പ്രയാസപ്പെടുകയാണ്. കൂടാതെ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ അതത് പോലീസ് സ്റ്റേഷനുകളിലെത്തി പരിശോധിക്കാനും ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല. ഇത് സാധാരണക്കാരായ ജനങ്ങള്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ടാക്സ് ഇനത്തിലും മറ്റുമായി അധിക വരുമാനമുള്ള മലപ്പുറം ജില്ലയില്‍ ഏറ്റവും തിരക്കുള്ള ഓഫീസുകളില്‍ ഒന്നാണ് തിരൂരങ്ങാടി സബ് ആര് ടി ഓഫീസ്. അടിയന്തരമായി വാഹനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎമ്മും,യൂത്ത് ലീഗും ഗതാഗത മന്ത്രിക്ക് പരാതി നല്കി.