മണ്ണില്‍ കാലുറപ്പിക്കാന്‍ പോലുമാകുന്നില്ല; പ്രതിസന്ധികളെ അതിജീവിച്ചും രക്ഷാദൗത്യം
മുണ്ടക്കൈയിലും ചൂരല്‍മലയിലും രക്ഷാദൗത്യം സജീവവമായി പുരോഗമിക്കുന്നു. വായു, കരസേനകള്‍ക്കൊപ്പം എൻഡിആർഎഫ് കേരള ഫയർഫോഴ്സ്, പൊലീസ്, വനംവകുപ്പ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍, സന്നദ്ധപ്രവർത്തകർ എന്നിവരെല്ലാം യോജിച്ചുള്ള രക്ഷാപ്രവർത്തനമാണ് ദുരന്തഭൂമിയില്‍ നടക്കുന്നത്.
പ്രദേശത്ത് കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കുന്നത് തുടരുകയാണ്. സൈന്യം നിർമിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് അട്ടമലയിലും മുണ്ടക്കൈ ഭാഗത്തുമായി കുടുങ്ങികിടന്നവരെ പുറത്തെത്തിക്കുന്നത്. കുടുങ്ങിക്കിടന്നവർക്കായി ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കിയിട്ടുണ്ട്.
മണ്ണിനടിയില്‍പെട്ടവർക്കായി തിരച്ചില്‍ തുടരുകയാണ്. മുണ്ടക്കെയിലും പുഞ്ചിരിമട്ടത്തുമായി നിരവധി വീടുകള്‍ പൂർണമായും മണ്ണിനടിയിലാണ്. ഇവിടെയെല്ലാം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ദുരന്തഭൂമിയില്‍ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്നാണ് വിലയിരുത്തുന്നത്. ചളിമണ്ണും കൂറ്റന്‍ പാറക്കെട്ടുകളുമാണ് പ്രദേശത്ത് ഉള്ളത്. മണ്ണില്‍ കാലുറപ്പിക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ്. മണ്ണും ചെളിയും മാറ്റിയുള്ള രക്ഷാദൗത്യത്തിനായി കൂടുതല്‍ ഉപകരണങ്ങള്‍ മുണ്ടക്കൈയിലേക്ക് എത്തിക്കേണ്ടതുണ്ട്. ഇവിടേക്കുള്ള ഏക പാലം ഉരുള്‍പൊട്ടലില്‍ തകർന്നിരുന്നു. സൈന്യം നിർമിക്കുന്ന ബെയ്ലി പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.