എയര്‍ ഹോണുകള്‍ പിടിച്ചെടുക്കും; റോഡ് റോളര്‍ കയറ്റി നശിപ്പിക്കും

വാഹനങ്ങളില്‍ എയര്‍ഹോണ്‍ ഉപയോഗം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി എത്തിയിരിക്കുകയാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. വാഹനങ്ങളിലെ എയര്‍ഹോണ്‍ പിടിച്ചെടുക്കുന്നതിനായി സ്പെഷ്യല്‍ ഡ്രൈവിന് മന്ത്രി നിര്‍ദേശം നല്കി. ഈ മാസം 13 മുതല്‍ 19 വരെയാണ് സ്പെഷ്യല്‍ ഡ്രൈവ് നടക്കുക.
പിടിച്ചെടുക്കുന്ന എയര്‍ഹോണുകൾ മാധ്യമങ്ങളുടെ മുന്നിലെത്തിക്കണം. ഇവ പ്രദര്‍ശിപ്പിക്കണം. റോഡ് റോളര്‍ ഉപയോഗിച്ച് എയര്‍ഹോണുകള്‍ നശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞദിവസം കോതമംഗലം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഉദ്ഘാടനത്തിനിടെ സ്വകാര്യ ബസ് വേഗത്തില്‍ ഹോണടിച്ചെത്തിയ സംഭവത്തില്‍ മന്ത്രി നടപടിയെടുത്തിരുന്നു. ടെര്‍മിനല്‍ ഉദ്ഘാടനത്തിനിടെ നിറയെ ആളുകളുമായി സ്വകാര്യ ബസ് എയര്‍ഹോണ്‍ മുഴക്കിയെത്തുകയായിരുന്നു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ആര്‍ടിഒയ്ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. നിയമ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.