വാളുമേന്തി പ്രകടനം: ദുർഗാവാഹിനി പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തിരുവനന്തപുരത്ത് വാളുമേന്തി പ്രകടനം നടത്തിയ “ദുർഗാവാഹിനി” പ്രവർത്തകർക്കെതിരെ കേസെടുത്തു. ആര്യങ്കോട് പൊലീസാണ് സ്വമേധയാ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ (ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുക), ആയുധനിയമം എന്നിവ ചുമത്തിയാണ് കേസെടുത്തത്
ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്താണ് മേയ് 22-ന് വിശ്വഹിന്ദു പരിഷദിൻ്റെ വനിതാദളമായ ദുർഗാവാഹിനിയുടെ പ്രവർത്തകർ വാളുമേന്തി റോഡിലൂടെ പ്രകടനം നടത്തിയത്. വിഎച്ച്പി നടത്തിയ പഠനശിബിരത്തിൻ്റെ റൂട്ട് മാർച്ചിലാണ് പെൺകുട്ടികൾ വാളുമേന്തി പങ്കെടുത്തത്. പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നൽകിയിരുന്നത്. എന്നാൽ പെൺകുട്ടികളടക്കം ചേർന്ന് വാളുമേന്തി “ദുർഗാവാഹിനി’ റാലി നടത്തുകയായിരുന്നു.
പെൺകുട്ടികൾ ആയുധമേന്തി റൂട്ട് മാർച്ച് നടത്തുന്നതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിൽ നിയമനടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിലും മറ്റും ശക്തമായ പ്രതിഷേധമുയരുകയും ചെയ്തിരുന്നു.
Content Highlights: Durga Vahini March in Thiruvananthapuram, VHP rally carrying swords, Case against Durga Vahini Activists,