തിരഞ്ഞെടുപ്പ് ചൂട് കനക്കുന്നു; LDF, UDF നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും
തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. എൽ ഡി എഫ്, യു ഡി എഫ് സ്ഥാനാർഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്നലെ മാത്രം തീരുമാനമായ ബി ജെ പി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ അടുത്ത ദിവസമായിരിക്കും നാമനിർദേശ പത്രിക സമർപ്പിക്കുക.
രാവിലെ പതിനൊന്ന് മണിക്കാണ് എൽ ഡി എഫ് സ്ഥാനാർഥി ഡോക്ടർ ജോ ജോസഫ് നാമനിർദേശ പത്രിക സമർപ്പിക്കുക. മന്ത്രി പി രാജീവ്, സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ മുൻ എം എൽ എ എം സ്വരാജ് തുടങ്ങിയ പ്രമുഖർ പത്രികാ സമർപ്പണത്തിന് ജോ ജോസഫിന് ഒപ്പമെത്തും. മുഖ്യ വരണാധികാരിയായ ജില്ലാ കലക്ടർക്ക് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷമായിരിക്കും ഇന്നത്തെ പ്രചാരണ പരിപാടികൾ.
ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസ് നാമനിർദേശ പത്രിക സമർപ്പിക്കുക. കാക്കനാട്ടെ കോൺഗ്രസ് ഓഫീസിൽ നിന്ന് പ്രമുഖ യു ഡി എഫ് നേതാക്കൾക്കൊപ്പമാണ് ഉമ കലക്ടറേറ്റിലേക്ക് തിരിക്കുക. വൈകുന്നേരം മൂന്ന് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന കൺവെൻഷൻ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇന്നത്തെ യു ഡി എഫിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രചാണ പരിപാടിയും ഇതു തന്നെയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ, രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
ഇന്നലെ മാത്രമാണ് ബി ജെ പി സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായത്. അതുകൊണ്ടു തന്നെ ഇന്ന് രാവിലെ മുതലാണ് എ എൻ രാധാകൃഷ്ണൻ മണ്ഡലത്തിൽ സജീവമാവുന്നത്. രാവിലെ ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെത്തിയ ശേഷമാണ് പ്രചാരണത്തിന് വേഗം കൂട്ടിയത്. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പുക്കയാണ് അദ്ദേഹം. സ്ഥലത്തെ പ്രമുഖരുടെ വീടുകളിൽ കയറി വോട്ടുതേടലാണ് ആദ്യപടി. വരും ദിവസം തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും.
Content Highlight: Thrikkakara election: LDF, UDF candidates to file nomination today.