കേരളം ഇന്ന് തൃശ്ശൂരിലേക്കൊതുങ്ങും; പൂരങ്ങളുടെ പൂരം ഇന്ന്
പൂരനഗരി ആവേശതിമിര്‍പ്പിലാണ്. കോവിഡ് മുടക്കിയ രണ്ട് വര്‍ഷങ്ങളുടെ കണക്ക്പുസ്തകവുമായി കേരളം ഇന്ന് തൃശ്ശൂരിലേക്കൊതുങ്ങും. ഘടകപൂരങ്ങളും മഠത്തില്‍ വരവും പഞ്ചവാദ്യവും ഇലഞ്ഞിത്തറമേളവും ആസ്വദിച്ച്, മുഖത്തോട് മുഖം നിന്ന് ആവേശത്തോടുള്ള കുടമാറ്റവും കണ്ട്, രാത്രി പകലാക്കുന്ന പൂരവെടിക്കെട്ടിനും സാക്ഷിയായി ആ ജനസാഗരം തൃശ്ശൂരിന്റെ മണ്ണില്‍ സ്വയം മതിമറന്നിരിക്കും.
ഇന്ന് പുലർച്ചെ മുതൽ ജനം പൂരനഗരിയിലേക്ക് ഒഴുകിത്തുടങ്ങി. ഇന്നലെ പന്ത്രണ്ടരയോടെ എറണാകുളം ശിവകുമാറിന്റെ പുറത്തേറി എത്തിയ നെയ്തലക്കാവിലമ്മ ഗോപുരനട തുറന്നു. ഇന്നലെ വൈകുന്നേരം മുതൽ പൂരനഗരിയിൽ ആനകൾ നിരന്ന് നിൽക്കുകയാണ്. രാവിലെ മുതൽ ഘടക പൂരങ്ങൾ എത്തിത്തുടങ്ങി. തിരുവമ്പാടി ദേവസ്വത്തിന്റെ മഠത്തിൽ വരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളവും പിന്നാലെയെത്തും. കഴിഞ്ഞ രണ്ട് വർഷവും ചടങ്ങുകളിൽ ഒതുങ്ങിയ പൂരക്കഴ്ചകള്‍ ഇത്തവണ കണ്ണും മനസ്സും കുളിർപ്പിച്ച് പകർന്നാടും.
ഉച്ചയോടെ മേളനഗരിയിലെത്തുന്നവർ ഇലഞ്ഞിത്തറ മേളത്തിന് താളം പിടിക്കും. പിന്നെ കാത്തിരിപ്പ് കുടമാറ്റത്തിന്. ഒളിച്ചു വെച്ച ചമയ വിസ്തമയങ്ങൾ വെളിവാകുന്ന കാഴ്ചക്ക് ശേഷം വെടിക്കെട്ട്. ആകാശത്തിലെ വർണ വിസ്മയം കണ്ട് രാവ് പകലാക്കി അടുത്ത പൂരക്കാലത്ത് കാണാമെന്ന ഉറപ്പിൽ താത്കാലിക വിട ചൊല്ലൽ. ഇനിയുള്ള മണിക്കൂറുകൾ തൃശൂരിന്റെ മേളപ്പെരുക്കത്തിനൊപ്പമാണ്.
Content Highlight: Thrissur pooram 2022.