കരുവന്നൂരില്‍ വീണ്ടും ഇഡി; അഞ്ചു പ്രതികളുടെ വീട്ടില്‍ ഒരേസമയം റെയ്ഡ്
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. അഞ്ചു പ്രതികളുടെ വീടുകൡ ഒരേസമയമാണ് റെയ്ഡ് നടന്നത്. പരിശോധന തുടരുകയാണ്. കൊച്ചിയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥര്‍ സിആര്‍പിഎഫ് സുരക്ഷയോടെയാണ് റെയ്ഡ് നടത്തുന്നത്. 75ഓളം ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്.
ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ എം.കെ. ബിജു കരീം, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, ബാങ്ക് അംഗം കിരണ്‍, ബാങ്കിന്റെ മുന്‍ റബ്കോ കമ്മീഷന് ഏജന്റ് ബിജോയ് തുടങ്ങിയവരുടെ വീടുകളിലാണ് റെയ്ഡ്. ബാങ്കില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ച പലര്‍ക്കും പണം തിരികെ ലഭിക്കാത്തത് അടുത്തിടെ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ് ഇഡിയുടെ ഇടപെടല്‍.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ മുന്നൂറിലധികം കോടി രൂപയുടെ തട്ടിപ്പു നടന്നതായി വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ബാങ്കില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ഇപ്പോള്‍ ഇഡി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍ ക്രൈംബ്രാഞ്ചാണ് തട്ടിപ്പു കേസ് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ചില്‍ നിന്നും വിവരങ്ങള്‍ തേടുമെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
Content Highlights: Karuvannur, ED, Cooperative Bank, Scam, Crime Branch