തൃശൂരിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 80 കിലോ
വടക്കാഞ്ചേരി എരുമപ്പെട്ടി കുണ്ടന്നൂര് ചുങ്കത്ത് വന് കഞ്ചാവ് വേട്ട. പിക്കപ്പ് വാനില് കടത്തുകയായിരുന്ന 80 കിലോ കഞ്ചാവ് പിടികൂടി. വാഹനപരിശോധയ്ക്കിടെയാണ് പ്രതികള് പിടിയിലായത്. തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ധര്മ്മപുരി സ്വദേശികളായ പൂവരശ്, മണി, ദിവിത്ത് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസവും തൃശൂരിൽ ഒരു വാടക വീട്ടിൽ നിന്ന് നാലര കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായിരുന്നു. പാലുവായ് സ്വദേശിയായ അമ്പലത്തു വീട്ടിൽ മുബീർ (31) എന്നയാളാണ് പിടിയിലായത്. ഗുരുവായൂർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റം ചേലൂരുള്ള ഒരു വീട്ടിൽ കഞ്ചാവ് സൂക്ഷിക്കുന്നുണ്ടെന്നും പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് വില്പന നടത്തുന്നുണ്ടെന്നും തൃശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് പിടികൂടിയത്.