തൃശൂരില്‍ മദ്യപിച്ച് ബസ് ഓടിച്ച ഏഴ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
തൃശൂരില്‍ മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ഈസ്റ്റ് പോലീസും സിറ്റി പോലീസും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ശക്തന്, വടക്കേ സ്റ്റാന്‍ഡുകളിലായിരുന്നു പരിശോധന. അഞ്ച് കണ്ടക്ടര്‍മാരും പിടിയിലായിട്ടുണ്ട്. ഇവര്‍ രാവിലെ തന്നെ മദ്യപിച്ച് ജോലിക്കെത്തിയതായാണ് പോലീസ് കണ്ടെത്തിയത്.
സ്വകാര്യ ബസുകളുടെ അമിത വേഗതയും സാഹസിക ഡ്രൈവിംഗും സംബന്ധിച്ച് നേരത്തേ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും ഫലമൊന്നും കാണാത്തതിനാലാണ് നടപടിയെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. അശ്രദ്ധവും അപകടകരവുമായ ഡ്രൈവിംഗിന്റെ പേരില്‍ ഇവര്‍ക്കെതിരെ നേരത്തേ പെറ്റിക്കേസുകള്‍ എടുക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നതായി സിറ്റി പോലീസ് എ.സി.പി. കെ.കെ. സജീവ് പറഞ്ഞു.
കുറേ നാളുകളായി ബസുകളെ നിരീക്ഷിച്ചു വരികയായിരുന്നു. ഈ മാസം പേരാമംഗലം ഭാഗത്തുണ്ടായ രണ്ട് അപകടങ്ങളില്‍ ഒരു ഡോക്ടറും, ബസ് ഉടമയും മരിച്ചിരുന്നു. അതിന് ശേഷം പൂത്തോള്‍ ഭാഗത്ത് വെച്ച് ഒരു ബസിലെ കണ്ടക്ടറും ഡ്രൈവറും ക്ലീനറും ചേര്‍ന്ന് കാര്‍ യാത്രികനെ ആക്രമിക്കുന്ന സംഭവവുമുണ്ടായിരുന്നു. മുന്നറിയിപ്പുകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് ശക്തമായ നടപടിയിലേക്ക് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.