തൃശ്ശൂരില്‍ കാറിലെത്തിയ സംഘം ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ നടുറോഡില്‍ മര്‍ദിച്ചു, മുടി മുറിച്ചു
സൈക്കിളില്‍ പോകുകയായിരുന്ന ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ കാറിലെത്തിയ സ്ത്രീയും പുരുഷനും ചേർന്ന് തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയും തലമുടി മുറിയ്ക്കുകയും ചെയ്തു. തൃശ്ശൂര്‍ ചാലക്കുടി മേലൂരില്‍ ഉച്ചയോടെയാണ് സംഭവം നടന്നത്.
അയൽവാസിയായ സഹപാഠിയുടെ വീട്ടില്‍ പുസ്തകം വാങ്ങാന്‍ പോയതായിരുന്നു വിദ്യാര്‍ഥിനി. മടങ്ങിവരുന്നതിനിടെ കാറിലെത്തിയ സംഘം സൈക്കിള്‍ ഇടിച്ചിടുകയും നിലത്ത് വീണ വിദ്യാര്‍ഥിനിയെ മര്‍ദിക്കുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ സ്ത്രീയും പുരുഷനും ചേർന്ന് കുട്ടിയുടെ മുഖത്തടിക്കുകയും മുടി മുറിച്ചുകളയുകയും ചെയ്തു. അതിന് ശേഷം കുട്ടിയെ തള്ളി റോഡിലിടുകയും ചെയ്തു.
നിലത്ത് വീണ് ബോധം പോയ പെണ്‍കുട്ടി ബോധം വന്ന ശേഷം കരയുന്നതു കേട്ട നാട്ടുകാരാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത് കണ്ടത്. പെണ്‍കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു സംഭവം. നാട്ടുകാർ ഉടൻ തന്നെ കൊരട്ടി പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് കൊരട്ടി എസ്ഐ പികെ അരുണിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ ദേഹത്ത് സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയൊന്നും മോഷണം പോയിട്ടില്ല. അതിനാൽ മോഷണശ്രമമല്ലെന്നാണ് പൊലീസിൻ്റെ നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.