വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; രണ്ട് പശുക്കളെ കടിച്ചുകൊന്നു
വയനാട് ജില്ലയിലെ കേണിച്ചിറയില്‍ വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെ കടുവ കടിച്ചുകൊന്നു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ദിവസങ്ങള്‍ക്കിടെ കടുവയുടെ ആക്രമണത്തില്‍ നാല് പശുക്കളാണ് കൊല്ലപ്പെട്ടത്.
മാളിയേക്കല്‍ ബെന്നിയുടെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെയാണ് ഞായറാഴ്ച പുലർച്ചെ കടുവ ആക്രമിച്ചത്. ശബ്ദം കേട്ടെത്തിയ ബെന്നി ടോർച്ചടിച്ച് നോക്കിയപ്പോള്‍ കടുവയെ കണ്ടിരുന്നു. വനംവകുപ്പ് കടുവയെ പിടികൂടാനായി കൂടും സ്ഥാപിച്ച് പരിശോധന തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. ശനിയാഴ്ച രാത്രി പള്ളിത്താഴെ കിഴക്കയില്‍ സാബുവിന്റെ പശുവിനെയും കടുവ കൊന്നിരുന്നു. ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു ഈ സംഭവം.
അതിനിടെ, തോല്‍പ്പെട്ടി 17 എന്നറിയപ്പെടുന്ന 10 വയസ്സുള്ള ആണ്‍കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു. കൂടുവെച്ചതിന്റെ പരിസരത്തുതന്നെ കടുവയുണ്ടെന്നാണ് നിഗമനം. രാത്രിയും പകലും പട്രോളിങ് നടത്തുന്നുണ്ട്. പരിസരത്ത് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കടുവയെ തിരിച്ചറിഞ്ഞത്.