മുഖ്യമന്ത്രിയുടെ സന്ദർശനം; കറുത്ത വസ്ത്രം ധരിച്ച ട്രാൻസ് ജെൻഡേഴ്സ് കസ്റ്റഡിയിൽ
കറുത്ത വസ്ത്രം ധരിച്ച് യാത്ര ചെയ്ത രണ്ട് ട്രാൻസ് ജെൻഡേഴ്സിനെ തടഞ്ഞ് പൊലീസ് . മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ കറുത്ത മാസ്കും വസ്ത്രവും ധരിച്ചെത്തിയ ആളുകളെ വിലക്കിയതിന് പിന്നാലെയാണ് കറുത്ത വസ്ത്രമണിഞ്ഞെത്തിയ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കലൂർ മെട്രോ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഇവർ. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് വൻ സുരക്ഷയാണ് കൊച്ചിയിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്.
കലൂർ സ്റ്റേഷന് സമീപത്തുവെച്ച് വനിതാ പൊലീസ് എത്തി എങ്ങോട്ട് പോവുകയാണെന്നും എന്തിന് പോവുകയാണെന്നും ചോദിച്ചു. തുടർന്ന് പൊലീസ് വാഹനത്തിലേക്ക് കയറ്റിയെന്നും ഇവർ പറയുന്നു.മുഖ്യമന്ത്രി നഗരത്തിൽ എത്തുന്നു എന്നതിന്റെ പേരിൽ കറുത്ത വസ്ത്രത്തിന് വിലക്കേർപ്പെടുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കസ്റ്റഡിയിലുള്ള ട്രാൻസ് ജെൻഡേഴ്സ് ചോദിക്കുന്നു.
വസ്ത്രസ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും അത് ഭരണകൂടം ചോദ്യം ചെയ്യുന്നത് എന്തിനാണെന്നും കസ്റ്റഡിയിലുള്ള ട്രാൻസ് ജെൻഡേഴ്സ് പറയുന്നു. വസ്ത്രത്തിന്റെ പേരിൽ നടന്ന തർക്കം വൈകാരികമായപ്പോൾ പൊലീസ് ഇടപെട്ട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വരവിന് കനത്ത സുരക്ഷയൊരുക്കിയതിലും അതിന്റെ പേരിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചതിലും വൻതോതിൽ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇന്ന് കൊച്ചിയിൽ രണ്ട് പരിപാടികളാണ് ഉണ്ടായിരുന്നത്. ചെല്ലാനത്തും കലൂരും. രാവിലെ കോട്ടയത്തെ പരിപാടിക്കും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. മുന്നറിയിപ്പില്ലാതെ കിലോമീറ്ററുകളോളം ഗതാഗതം നിയന്ത്രിച്ചതിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Content Highlights: transgenders protest and arrest at Kochi