തൃക്കാക്കരയിൽ ആർക്കും പിന്തുണയില്ല; വിവേകപൂർവ്വം വോട്ടു ചെയ്യാൻ ട്വൻ്റി-20 എഎപി സഖ്യത്തിൻ്റെ ആഹ്വാനം
തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ ഒരു മുന്നണിയ്ക്കും പിന്തുണ നൽകാനില്ലെന്ന് ട്വൻ്റി ട്വൻ്റി-എഎപി(Twenty 20- AAP) ജനക്ഷേമസഖ്യം. ട്വൻ്റി ട്വൻ്റി- എ എ പി അനുഭാവികൾ നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തി രാഷ്ട്രീയ പ്രബുദ്ധതയുപയോഗിച്ച് വോട്ടു ചെയ്യണമെന്ന് സാബു എം ജേക്കബ് വാർത്താ സമ്മേളനത്തിലൂടെ ആഹ്വാനം ചെയ്തു.
ഏതുമുന്നണി വിജയിച്ചാലും കേരളത്തിൻ്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. അതുകൊണ്ട് ഒരു മുന്നണിയെയും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ ജനങ്ങൾക്ക് വിവേകപൂർവ്വം വോട്ടുചെയ്യാനുള്ള ആഹ്വാനം നൽകുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്ന് സാബു എം ജേക്കബ് വ്യക്തമാക്കി.
പ്രലോഭനങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങാതെ പണത്തിനും മദ്യത്തിനും അടിമപ്പെടാതെ സ്വതന്ത്രമായി ചിന്തിച്ച് ഉത്തരവാദിത്തത്തോടെ വോട്ട് രേഖപ്പെടുത്തുമ്പോഴാണ് യഥാർത്ഥ ജനാധിപത്യം ശക്തിപ്പെടുക. ഈ വോട്ടവകാശം വിവേകപൂർവ്വം ഉപയോഗിക്കണം. വോട്ടെടുപ്പ് ദിനം കാലാവസ്ഥ പ്രതികൂലമായാലും എല്ലാവരും പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തണമെന്നും സാബു എം ജേക്കബ് അണികളോട് പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.
തങ്ങൾ കഴിഞ്ഞതവണ ഒരു പാർട്ടി സംവിധാനമോ പാർട്ടിപ്രവർത്തകരോ ഇല്ലാതെ പ്രബലരായ മൂന്ന് ദേശീയ മുന്നണികളോട് ഏറ്റുമുട്ടി 14,000 വോട്ടുകൾ കരസ്ഥമാക്കിയ പ്രാദേശിക പാർട്ടിയാണെന്നും സാബു പറഞ്ഞു. പരമ്പരാഗതമായ രാഷ്ട്രീയ സംവിധാനങ്ങൾ അവരുടെ കടമ നിർവ്വഹിക്കാതിരുന്നതുകൊണ്ട് രാഷ്ട്രീയരംഗത്തേയ്ക്ക് വന്ന രണ്ട് പാർട്ടികളാണ് ട്വൻ്റി ട്വൻ്റിയും ആം ആദ്മി പാർട്ടിയുമെന്ന് സാബു പറഞ്ഞു. ആരെയും വെല്ലുവിളിക്കാൻ വേണ്ടിയല്ല മറിച്ച് ജനങ്ങൾക്കും രാജ്യത്തിനും വേണ്ടിയാണ് തങ്ങൾ സഖ്യമുണ്ടാക്കിയതെന്നും സാബു കൂട്ടിച്ചേർത്തു,