തൃക്കാക്കരയില്‍ യുഡിഎഫിന് ഭൂരിപക്ഷം കുറയും; ചില പ്രതിസന്ധികളുണ്ടെന്ന് ഡൊമിനിക് പ്രസന്റേഷന്
തൃക്കാക്കരയില്‍ യുഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന് ഡൊമിനിക് പ്രസന്റേഷന്. കുറച്ചു പ്രതിസന്ധിയുണ്ടെങ്കിലും യുഡിഎഫ് തന്നെ വിജയിക്കുമെന്ന് യുഡിഎഫ് എറണാകുളം ജില്ലാ കണ്‍വീനര്‍ കൂടിയായ അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പു കൊണ്ട് സര്‍ക്കാര്‍ മാറുന്നില്ല. മറ്റു രാഷ്ട്രീയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നതിനാല്‍ വോട്ടു ചെയ്യാന്‍ പലര്‍ക്കും താല്പര്യക്കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ ട്വന്റി ട്വന്റിക്കും വി ഫോറിനും വോട്ടുചെയ്ത പലരും ഇത്തവണ വോട്ടു ചെയ്യാന്‍ വന്നിട്ടില്ലെന്നും ഡൊമിനിക് പ്രസന്റേഷന് പറഞ്ഞു.
യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ പോളിംഗ് കുറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡൊമിനിക് പ്രസന്റേഷന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയും മന്ത്രിമാരും വന്ന് ഒരു ഇളക്കല്‍ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ കുറച്ചു വോട്ടുകള്‍ മറിഞ്ഞാലും 5000 മുതല്‍ 8000 വോട്ടുകള്‍ക്ക് മുകളില്‍ യുഡിഎഫ് ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു. ഇടപ്പള്ളി അടക്കം ആദ്യം എണ്ണുന്ന ബൂത്തുകളുടെ ഫലങ്ങള്‍ വെച്ച് തൃക്കാക്കരയി ട്രെന്‍ഡ് മനസിലാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 69.28 ശതമാനമായിരുന്നു പോളിംഗ്. ഉപതെരഞ്ഞെടുപ്പില്‍ ഇത് 68.77 ശതമാനമായി കുറഞ്ഞു. ട്വന്റി ട്വന്റി വോട്ടുകള്‍ പോള്‍ ചെയ്യാതെ പോയതാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് കേന്ദ്രങ്ങളില്‍ പോളിംഗ് കുറഞ്ഞിട്ടുണ്ട്. സിപിഎം ശക്തികേന്ദ്രങ്ങളായ ചളിക്കവട്ടം, വെണ്ണല, വൈറ്റില എന്നിവിടങ്ങളില്‍ പോളിംഗ് കൂടിയിട്ടുമുണ്ട്.
Content Highlights: UDF, Uma Thomas, Thrikkakkara, Byelection, Counting