ഉണ്ണികൃഷ്ണൻ പോറ്റി ഭക്തരെ പറ്റിക്കാൻ മിടുക്കൻ തന്നെ, നടൻ ജയറാമും പെട്ടു; അയ്യപ്പൻറെ സ്വർണ്ണം പൂശിയ കവാടം ആദ്യം തൊട്ടതിൽ ”സന്തോഷ’മുണ്ട്’, നന്ദിയു’മുണ്ട്’ – ജയറാം

ശബരിമല സ്വര്‍ണപ്പാളിയുടെ സ്പോണ്സര്മാരില് ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് ഉണ്ടെന്നാണ് കണ്ടെത്തൽ. ബ്ലെയ്ഡ് പലിശക്ക് പണം നൽകി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
മൂന്ന് വർഷത്തിനുള്ളിൽ മാത്രം 30 കോടിയിലധികം ഭൂമികച്ചവടങ്ങൾ നടന്നതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. മുൻ ദേവസ്വം കരാറുകാരനാണ് തലസ്ഥാനത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടനിലക്കാരൻ. സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലും ഭൂമി ഇടപാട് നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം.
ശബരിമലയുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ധനികരായ അയ്യപ്പഭക്തരിൽനിന്ന് ഇയാൾ പണപ്പിരിവ് നടത്തിയെന്നും ആരോപണമുണ്ട്.
ബെംഗളൂരുവിലായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റി വ്യാഴാഴ്ച ഉച്ചയ്ക്ക് വെഞ്ഞാറമ്മൂട് കാരേറ്റിലുള്ള വീട്ടിലെത്തി. ശനിയാഴ്ച ദേവസ്വം വിജിലൻസ് ചോദ്യംചെയ്യുമെന്നാണ് വിവരം. ബെംഗളൂരുവിൽ പലിശയ്ക്ക് പണം കടംകൊടുക്കുന്നയാളെന്ന കാര്യവും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. എട്ടുവർഷംമുൻപ് മണ്ഡലകാലത്ത് കീഴ്ശാന്തിയുടെ പരികർമികളിലൊരാളായാണ് ശബരിമലയിൽ എത്തുന്നത്. പിന്നീട് ശബരിമലയിൽ വിലകൂടിയ സമർപ്പണം നടത്താനുള്ള ഇടനിലക്കാരനാവുകയായിരുന്നു.
ശബരിമലയിലെ ശ്രീകോവിലിന്റെ കവാടത്തിന് സാമ്യമുള്ള സ്വര്‍ണ വാതില്‍ ഉണ്ണികൃഷ്ണന് പോറ്റി നിര്‍മിച്ചതിന്റെ തെളിവുകളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. നിര്‍മാണത്തിന് ശേഷം ചെന്നൈയില്‍വെച്ച് പൂജ നടന്നു. ആ ചടങ്ങിൽ നടന് ജയറാമും ഗായകൻ വീരമണിയും പങ്കെടുത്തു.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള ധനികനും വ്യവസായിയുമായ ഒരു അയ്യപ്പഭക്തനിൽ നിന്ന് പണം വാങ്ങിയ ശേഷമാണ് വാതില്‍ നിര്‍മിച്ചിരിക്കുന്നത്. 2019 ഏപ്രില്‍-ജൂലൈ മാസങ്ങള്‍ക്ക് ഇടയിലായിരുന്നു വാതിന്റെ നിര്‍മാണം എന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയില്‍ സമര്‍പ്പിക്കാന്‍ എന്ന് വ്യവസായിയെ വിശ്വസിപ്പിച്ച ശേഷം വാതില്‍ നിര്‍മിക്കുകയായിരുന്നു.
ആന്ധ്രയില്‍ തന്നെയായിരുന്നു വാതിൽ ഉണ്ടാക്കിയത്. പിന്നീട് ചെന്നൈയില്‍ എത്തിച്ച ശേഷമാണ് സ്വര്‍ണം പൂശിയത്. തുടര്‍ന്ന് ചെന്നൈയില്‍ തന്നെ വലിയ ചടങ്ങുകള്‍ നടന്നു. ഇതിന്റെ ഭാഗമായാണ് അയ്യപ്പഭക്തന് കൂടിയായ നടന് ജയറാം പങ്കെടുക്കുന്നത്. ശബരിമലയിലേക്കുള്ള നടവാതിലില്‍ തൊട്ടു തൊഴാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചതായി ജയറാം നേരത്തെ ഒരു വീഡിയോയില്‍ പറയുന്നുണ്ട്.
അയ്യപ്പന്റെ നടവാതില്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ് ശബരിമലയിലേക്ക് യാത്രയാകുന്നതിന് മുന്‍പ് പൂജ ചെയ്യാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. മണിക്കൂറുകള്‍ക്കുള്ളില്‍ ശബരിമലയിലേക്ക് പുറപ്പെടും. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ ശബരിമലയില്‍ എത്തും. കോടാനുകോടി ഭക്തജനങ്ങള്‍ തൊട്ട് തൊഴാറുള്ള അയ്യപ്പന്റെ മുന്‍പിലുള്ള ഈ കവാടം ആദ്യമായി തൊട്ട് തൊഴാൻ എനിക്ക് ഭാഗ്യമുണ്ട്, അതിൽ സന്തോഷമുണ്ട്, ഒരുപാട് നന്ദിയുണ്ട്, സ്വാമിയേ ശരണമയ്യപ്പാ’ എന്നാണ് ജയറാം വീഡിയോയില്‍ പറയുന്നത്.
എന്നാൽ ഈ വാതില്‍ ശബരിമലയില്‍ എത്തിയോ എന്നതില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതികരണം ആണ് അറിയേണ്ടത്.
ഇതേ വാതില്‍ തന്നെ പോറ്റി ജോലി ചെയ്യുന്ന ബെംഗളൂരുവിലെ ശ്രീറാംപുരിലെ അയ്യപ്പ ക്ഷേത്രത്തിലും എത്തിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണന് പോറ്റി, രമേശന് റാവു, ഒരു സ്വാമി എന്നിവര്‍ ചേര്‍ന്നാണ് വാതില്‍ എത്തിച്ചതെന്ന് ക്ഷേതരം ഭാരവാഹി വിശ്വംഭരന് പറഞ്ഞിരുന്നു.
ഇതിന് ശേഷം ആന്ധ്രയില്‍ നിന്ന് ഒരാള്‍ വന്നിരുന്നു. അയാളുടെ ജ്യേഷ്ഠനാണ് വാതില്‍ നിര്‍മിച്ചത് എന്നായിരുന്നു പറഞ്ഞത്. വാതിൽ എവിടെ എന്നും അയാൾ ചോദിച്ചു. ഇവിടെ കാണിച്ച ശേഷം കൊണ്ടുപോയി എന്നാണ് താന്‍ മറുപടി നൽകിയതെന്നും വിശ്വംഭരന് പറയുന്നു.
ഇത്രയൊക്കെ ആയിട്ടും ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത് താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ്. എല്ലാം മാധ്യമങ്ങൾ ഉണ്ടാക്കിയ കഥയാണെന്നും പോറ്റി പറയുന്നു.
ഭക്തി മൂത്തു ചിന്ത ശേഷി ഇല്ലാതാകുമ്പോൾ ഇങ്ങനെയുള്ള കള്ളന്മാർ വളർന്ന് കൊണ്ടേയിരിക്കും. തനിക്ക് സ്വർണ്ണ കിരീടം വേണമെന്നോ, സ്വർണ്ണപ്പാളികൾ ഉള്ള വാതിൽ വേണമെന്നോ ലോകത്തിൽ ഒരു ദൈവവും ആരോടും ആവശ്യപ്പെട്ടിട്ടില്ല. കണക്കില്ലാത്ത പണം കയ്യിൽ വരുമ്പോൾ മാനസിക സംഘർഷത്തിന് അയവ് വരുത്താനാണ് പലരും ഇങ്ങനെ വാരിക്കോരി സംഭാവന ചെയ്യുന്നത്. അത് മുതലെടുക്കാനുള്ള ബുദ്ധി കാണിച്ച ഉണ്ണികൃഷ്ണൻ പോറ്റി അത് നന്നായി തന്ന്നെ ചെയ്തു. എവിടെയോ ചെറിയ പാളിച്ച പറ്റിയപ്പോൾ, സംഗതി പുറത്താകുകയും ചെയ്തു.