പിസി ജോർജിൻ്റേത് അറവുശാലയിലെ പോത്തിൻ്റെ കരച്ചിൽ; വിഷം തുപ്പിയാൽ ഇനിയും അകത്തുപോകുമെന്ന് ശിവൻകുട്ടി
വിദ്വേഷപ്രസംഗ വിവാദത്തിൽ പിസി ജോർജിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഐഎം നേതാവും വിദ്യാഭ്യാസമന്ത്രിയുമായ വി ശിവൻകുട്ടി. രാഷ്ട്രീയ ജീവിതത്തിൽ വർഗീയ സംഘടനകളുമായി പി സി ജോർജ് നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അത് തിരിച്ചറിഞ്ഞാണ് കേരള ജനത പി സി ജോർജിനെ തോൽപ്പിച്ച് വീട്ടിൽ ഇരുത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിവൻ കുട്ടിയുടെ പ്രതികരണം.
“അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി സി ജോർജിൽ നിന്നുണ്ടാകുന്നത്. സഖാവ് പിണറായി വിജയൻ ആരെന്ന് ജനത്തിനറിയാം. സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയന് പി സി ജോർജിന്റെ സർട്ടിഫിക്കറ്റ് വേണ്ട. വർഗീയവിഷം തുപ്പിയാൽ ഇനിയും അകത്തു കിടക്കേണ്ടി വരും. രാജ്യത്തിന്റെ നിയമ സംവിധാനം അതാണ് പറയുന്നത്.” വി ശിവൻകുട്ടി പറഞ്ഞു.
പി സി ജോർജിനോ അദ്ദേഹം ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ കഴിയില്ല. വർഗീയ വിഭജനം ഉന്നം വച്ചുള്ള നീക്കങ്ങളാണ് സംഘപരിവാറിൽ നിന്ന് ഉണ്ടാകുന്നതെന്നും പി സി ജോർജിനെ അതിനുള്ള കരുവാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പിണറായി വിജയന്റെ കൗണ്ട്ഡൗൺ ആരംഭിച്ചുവെന്ന പി സി ജോർജിന്റെ പ്രസ്താവനക്ക് കൗണ്ട്ഡൗൺ തുടങ്ങിയത് ആരുടേതാണെന്ന് കാലം തെളിയിക്കുമെന്ന് മന്ത്രി പ്രതികരിച്ചു. ശക്തമായ ഒരു സർക്കാർ ഇവിടുണ്ട്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് പി സി ജോർജിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
Content Highlights: V Sivankutty against PC George, PC George Case