വടിവാള്‍ ആക്രമണം: 50 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പാനൂരിൽ നടത്തിയ വടിവാള്‍ ആക്രമണത്തില്‍ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. അക്രമത്തിന് നേതൃത്വം നല്‍കിയത് ശരത്ത്, അശ്വന്ത്, അനുവിന്, ആഷിക്, സച്ചിന്, ജീവന് എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകര്‍ത്തത് അടക്കമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കണ്ണൂര്‍ പാറാട് പാനൂരില്‍ വടിവാള്‍ വീശി സിപിഎം ആക്രമണം നടത്തുകയായിരുന്നു. യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടില്‍ വടിവാളുമായെത്തി മുഖം മൂടി ധരിച്ചെത്തിയ സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും ബൈക്കും വെട്ടിപ്പൊളിച്ചു. പാര്‍ട്ടി കൊടി കൊണ്ട് മുഖം മൂടിയാണ് അക്രമികളെത്തിയത്. വടിവാള്‍ വീശി ആളുകള്‍ക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു.
പാറാട് ടൗണില്‍ ആഹ്ലാദ പ്രകടനത്തിനിടെയാണ് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. എല്‍ഡിഎഫ് ഭരിച്ചിരുന്ന കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോല്‍വിക്കു പിന്നാലെയാണ് സംഘര്‍ഷം ഉണ്ടാകുന്നത്.













