വിസ്മയ കേസില്‍ വിധി ഇന്ന്; മാതൃകാപരമായ ശിക്ഷ പ്രതീക്ഷിക്കുന്നെന്ന് കുടുംബം
വിസ്മയ കേസില്‍ വിധി ഇന്ന്. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി രാവിലെ 11 മണിയോടെ വിധി പറയും. സ്ത്രീധനപീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറാണ് പ്രതി. പ്രതിക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നാണ് വിസ്മയയുടെ കുടുംബം വിശ്വസിക്കുന്നത്. കിരണിന് പരമാവധി 10 വര്‍ഷം വരെ തടവു ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ വിസ്മയയെ കണ്ടെത്തിയത്. വിസ്മയയുടെ അച്ഛന്റെയും സഹോദരന്റെയും പരാതിയിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. പിന്നീട് വകുപ്പുതല അന്വേഷണത്തിന് ശേഷം അസിസ്റ്റന്റ് മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
2020 മെയ് 30നായിരുന്നു ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന വിസ്മയയും കിരണുമായുള്ള വിവാഹം. വിവാഹശേഷം ഭര്‍തൃവീട്ടില്‍ ക്രൂരപീഡനങ്ങള്‍ അനുഭവിക്കുന്നതായി വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നു. സ്ത്രീധനമായി വിസ്മയയുടെ വീട്ടുകാര്‍ നല്കി കാറിനെച്ചൊല്ലി കിരണ്‍ കുമാര്‍ പീഡിപ്പിച്ചതായും വിവരങ്ങള്‍ പുറത്തു വന്നിരുന്നു.
സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ ഇള്‍പ്പടെ ഏഴ് വകുപ്പുകളാണ് കിരണ്‍ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. ഇതില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306 (ആത്മഹത്യാ പ്രേരണ) 498-എ (സ്ത്രീധന പീഡനം) 304-ബി (സ്ത്രീധന പീഡനമരണം) എന്നീ വകുപ്പുകളാണ് നിര്‍ണായകമാവുക. ഏഴു വര്‍ഷത്തില്‍ കുറയാത്ത തടവോ അല്ലെങ്കില്‍ ജീവപര്യന്തമോ ആണ് ഈ വകുപ്പില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷ.
ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പടെ ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമായ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ഫോണിലെ വിവരങ്ങളും വാട്സാപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന് തെളിവുകളായ സമര്‍പ്പിച്ചിരുന്നു. ഇവ തെളിവായി സ്വീകരിക്കാനാവില്ലെന്ന നിലപാടായിരുന്നു പ്രതിഭാഗം കോടതിയില്‍ സ്വീകരിച്ചത്.
Content Highlight: Vismaya case verdict today.