ജലനിരപ്പ് ഉയരുന്നു, ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ തുറക്കും; ജാഗ്രതാ നിര്‍ദേശം

പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ട് ഇന്നു തുറക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് ഉച്ചയ്ക്ക് തുറക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
ഡാമിന്റെ ഷട്ടര്‍ 15 സെന്റീമീറ്ററാണ് ഉയര്‍ത്തുക. അണക്കെട്ടിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകള്‍, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെള്ളം കയറുന്ന ഭാഗങ്ങളില്‍ കഴിയുന്ന ജനങ്ങളെ ആവശ്യമെങ്കില്‍ ഒഴിപ്പിക്കാനും ക്യാമ്പുകളിലേക്ക് മാറ്റാനും അതാത് ഗ്രാമപഞ്ചായത്തുകള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. അണക്കെട്ടിലെ ജലം വന്നു പതിക്കുന്ന തോടുകളിലും പുഴകളിലും മറ്റും ഇറങ്ങി കുളിക്കാനോ മത്സ്യബന്ധനം നടത്താനോ പാടുള്ളതല്ല.