ഞങ്ങൾ കള്ളക്കടത്തുകാരോ ദേശവിരുദ്ധരോ അല്ല, വണ്ടിക്ക് എല്ലാ രേഖകളുമുണ്ട്; വാഹനം പിടിച്ചെടുത്തതിൽ ഹൈക്കോടതിയെ സമീപിച്ച് ദുൽഖർ സൽമാൻ

കസ്റ്റംസുകാർ റെയ്ഡ് നടത്തി പിടിച്ചെടുത്ത തന്റെ വാഹനം വിട്ടുകൊടുക്കണമെന്നും പിടിച്ചെടുക്കൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. വാഹനം സ്വന്തമാക്കുന്നതിനുള്ള എല്ലാ നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കിയെങ്കിലും രേഖകൾ പോലും പരിശോധിക്കാതെ കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുത്തു എന്നാണ് ദുൽഖർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. ഭൂട്ടാനിൽ നിന്നുള്ള വാഹന കള്ളക്കടത്തിന്റെ ഭാഗമായി ദുൽഖർ സൽമാന്റെ 2004 മോഡൽ ലാൻഡ് റോവർ ഡിഫൻഡർ കഴിഞ്ഞ ദിവസം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
ഒരു വ്യക്തിയെന്ന നിലയിൽ തന്റെ പ്രതിച്ഛായ തകർക്കുന്ന രീതിയിൽ ആണ് മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായ പ്രചാരണം നടന്നത് എന്നും ദുൽഖർ തന്റെ ഹർജിയിൽ പറഞ്ഞു. കള്ളക്കടത്ത്, മയക്കുമരുന്ന്, ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്തു എന്ന രീതിയിൽ വ്യാപകമായ പ്രചാരണം പലരും നൽകി. ഇതിന് പിന്നിലെ താൽപ്പര്യം എന്താണെന്ന് അറിയില്ല. തന്റെ വാഹനം എല്ലാ വിധത്തിലും നിയമപരമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ ദുൽഖർ, വാഹനം എങ്ങനെ വാങ്ങിയെന്നും പറയുന്നുണ്ട്.
ഇൻവോയ്സ് പ്രകാരം, ന്യൂഡൽഹിയിലെ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ റീജിയണൽ ഡെലിഗേഷനു വേണ്ടിയാണ് വാഹനം ഇറക്കുമതി ചെയ്തത്. അതിനുശേഷം, അതിന്റെ ഉടമ താജ് മഹൽ ടുബാക്കോ പ്രൈവറ്റ് ലിമിറ്റഡ് ആണ്. അതിന്റെ ഉടമയായ ഹബീബ് മുഹമ്മദിൽ നിന്നാണ് തമിഴ്നാട്ടിലെ പുതുക്കോട്ടയിലുള്ള ആർതി പ്രൊമോട്ടേഴ്സിന് ഈ വാഹനം ലഭിച്ചത്.
ഈ ആർതി പ്രൊമോട്ടേഴ്സിൽ നിന്നും ആണ് താൻ വാഹനം വാങ്ങിയത് എന്നതിനുള്ള രേഖകളും ദുൽഖർ സമർപ്പിച്ചിട്ടുണ്ട്. 2016 ൽ താജ്മഹൽ കമ്പനിയിൽ നിന്ന് ലഭിച്ച ഇത് വ്യക്തമാക്കുന്ന ഒരു രേഖയും അതിനൊപ്പം നൽകിയെന്ന് ദുൽഖർ പറയുന്നു. വാഹനം വാങ്ങിയത് തങ്ങളാണെന്ന് കാണിക്കുന്ന ആർതി പ്രൊമോട്ടേഴ്സ് നൽകിയ രേഖകളും അതിനൊപ്പമുണ്ട്.
വാഹന കൈമാറ്റം എല്ലാ അർത്ഥത്തിലും നിയമപരമാണെന്നും വാഹനം ഗതാഗത വകുപ്പിൽ ശരിയായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ദുൽഖർ തന്റെ ഹർജിയിൽ പറയുന്നു. പരിശോധനയ്ക്കായി കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ, ദുല്ഖറിൻറെ പ്രതിനിധി വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറി, പക്ഷേ അവർ അവ നോക്കുക പോലും ചെയ്യാതെ കൊണ്ടുപോയി. ഏതൊക്കെ രേഖകളാണ് സ്വീകരിച്ചത് എന്നും അറിയിച്ചില്ല.
വാഹനത്തിന്റെ നിയമപരമായ ഉടമയാണെന്ന് തെളിവുകൾ ഉണ്ടെങ്കിലും, വെറും സംശയത്തിന്റെ അടിസ്ഥാനത്തിൽ അത്തരം നടപടികൾ സ്വീകരിക്കരുതെന്നും ഹർജിയിൽ പറയുന്നു.
ദുൽഖർ സൽമാൻ ചെയ്തത് വളരെ നല്ല കാര്യം തന്നെയാണ്. എല്ലാ രേഖകളും ഉള്ള ഒരു വാഹനം ഒന്നും പരിശോധിക്കാതെ കസ്റ്റംസ് കൊണ്ടുപോയതിനെ ചോദ്യം ചെയ്യുക തന്നെ വേണം. ഒരു സാധാരണക്കാരൻ ആയിരുന്നു ആ സ്ഥാനത്ത് എങ്കിൽ സഹിച്ച് കൊണ്ട് മിണ്ടാതിരിക്കാനേ പറ്റൂ. സൂപ്പർതാരവും കോടീശ്വരനുമായ ദുൽഖർ സൽമാൻ ആകുമ്പോൾ മിണ്ടാതിരിക്കേണ്ട കാര്യമില്ല. ഏറ്റവും നല്ല വക്കീലുമാരും കോടതിയിൽ കേസുകളുമായി നടക്കാനുള്ള പണവും കയ്യിലുണ്ട്. നിയമപരമായി ഈ വാഹനം പിടിച്ചെടുക്കൽ ചോദ്യം ചെയ്യപ്പെടും.
ഇത് കള്ളക്കടത്ത് വണ്ടി ആണെന്ന്ന്നതിന് ഒരു തെളിവുമില്ല. നേരത്തെയുള്ള 2 ഓണർമാരിൽ നിന്നുള്ള എല്ലാ പേപ്പറും ദുൽഖറിന്റെ കയ്യിലുണ്ട്. അതൊന്നും പരിശോധിക്കാതെ വണ്ടി എടുത്ത് കൊണ്ടുപോയാൽ കോടതിയിൽ സമാധാനം പറയേണ്ടി വരും. അതിനൊപ്പം മാനനഷ്ടത്തിനും കേസ് കൊടുത്താൽ വണ്ടി പിടിച്ച് എടുത്തവർ ഒന്ന് വിയർക്കും.
ഹിമാചലിലും മുംബൈയിലും തമിഴ്നാട്ടിലും സർക്കാർ തന്നെയാണ് ടാക്സ് മേടിച്ച് ഈ വണ്ടിയുടെ പേപ്പറുകൾ ഒക്കെ ശരിയാക്കി കൊടുത്തത്. അതിൽ പിശകുണ്ടെങ്കിൽ അവിടുത്തെ ആർടിഒ ഓഫീസർമാരെ ആദ്യം പിരിച്ച് വിടണം. കാശ് കൊടുത്ത് എല്ലാ ഡോക്യ്മെന്റും അടക്കം ഇന്ത്യയിൽ രെജിസ്റ്റർ ചെയ്ത വണ്ടി വാങ്ങിയവനെയാണ് പേടിപ്പിക്കാൻ നോക്കുന്നത്. സാധാരണക്കാർ പലരും വിരണ്ടു പോയേക്കാം. എന്നാൽ പണവും ബന്ധങ്ങളുമുള്ള ദുൽഖർ പേടിച്ച് നിൽക്കില്ല. എല്ലാ രേഖകളുമുള്ള കാര്, കാശ് മുടക്കി വാങ്ങിച്ചാൽ അതിവിടെ ഓടിച്ച് കൊണ്ട് നടക്കുകയും ചെയ്യും.
അതിനിടക്ക് മമ്മൂട്ടി ഡ്യൂട്ടി അടക്കാതെ ടിവി കടത്തി, അച്ഛനും മകനും തീവ്രവാദികളുമായി ബന്ധമുള്ളവരാണ് എന്നൊക്കെയുള്ള ചാണക രോദനങ്ങൾ വിലപ്പോവില്ല. നിയമത്തിന്റെ വഴിയേ നീങ്ങുന്ന ദുൽഖർ മറ്റുള്ളവർക്ക് നല്ലൊരു സന്ദേശം കൂടിയാണ് നൽകുന്നത്. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പേടിക്കേണ്ട എന്നതാണ് ആ സന്ദേശം.