ഞങ്ങൾ ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല; ആക്രമിക്കപ്പെട്ട വൈദികൻ സ്വന്തം മണ്ഡലത്തിലെ ആളായിട്ടും സുരേഷ്ഗോപി മിണ്ടുന്നില്ല, കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

തൃശൂരിൽ നിന്നും ഞങ്ങൾ ഡൽഹിയിലേക്ക് അയച്ച ഒരാളെ കാണാനില്ല എന്നാണ് ബിഷപ്പ് യോഹന്നാൻ മിലിത്തിയോസ് ഇന്നലെ പറഞ്ഞത്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ തന്നെയാണ് യി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ് പരിഹാസവുമായി എത്തിയത്. ക്രൈസ്തവർക്കെതിരെ രാജ്യവ്യാപകമായി സംഘ്പരിവാർ ആക്രമണം നടക്കുമ്പോഴും സുരേഷ് ഗോപി മൗനം പാലിക്കുന്നത് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ബിഷപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
”ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണോ എന്നാശങ്ക!”- ഇതാണ് ഓർത്തഡോക്സ് സഭ തൃശൂർ മെത്രാപ്പോലീത്ത കൂടിയായ ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ് ഫേസ്ബുക്കിൽ എഴുതിയത്.
തൃശൂരിൽ മത്സരിക്കുമ്പോൾ ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാൻ സുരേഷ് ഗോപി വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായത് സംബന്ധിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തിന്റെ പല ഭാഗത്തും വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെ ബജ്റംഗ്ദൾ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്തിയിരുന്നു. ഇതിലും ഒരു ഇടപെടലും നടത്താൻ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി തയ്യാറായിട്ടില്ല.
ഒഡീഷയിലെ മലയാളി വൈദികർക്കെതിരായ ആക്രമണത്തിൽ പ്രതിഷേധം ശക്തമായപ്പോളും സുരേഷ് ഗോപി ഇതൊന്നും അറിഞ്ഞിട്ടില്ല. ഇതൊക്കെയാണ് ബിഷപ്പിനെ അസ്വസ്ഥനാക്കുന്നത്.
നേരത്തേ, തൃശൂർ ലോകസഭ വിജയത്തിന് ശേഷം ലൂർദ് മാതാ പള്ളിയിലെത്തി മാതാവിന് സുരേഷ്ഗോപി സ്വർണക്കൊന്ത സമ്മാനിച്ചിരുന്നു. അതിന് മുൻപ് ലൂർദ് മാതാവിന് സ്വർണക്കിരീടം സമർപ്പിച്ചതും വിവാദത്തിന് വഴിവെച്ചിരുന്നു.
മകളുടെ വിവാഹത്തിന് മുന്നോടിയായിട്ടാണ് സുരേഷ് ഗോപി കുടുംബ സമേതം എത്തി പള്ളിയിൽ സ്വർണക്കിരീടം സമർപ്പിച്ചത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വർണക്കിരീടം സമര്‍പ്പിക്കുമെന്ന് തനിക്ക് ഒരു നേര്‍ച്ച ഉണ്ടായിരുന്നെന്നാണ് അന്ന് സുരേഷ് ഗോപി പറഞ്ഞത്.
അങ്ങനെയുള്ള , തൃശൂരിലെ അരമനയുമായി ക്രൈസ്തവരുമായും നല്ല ബന്ധം പുലർത്തിയിരുന്ന സുരേഷ് ഗോപി, ഈ വിഷയത്തിൽ മൗനം പാലിക്കുന്നതാണ് സഭാനേതൃത്വത്തിന് നീരസം ഉണ്ടാക്കിയിരിക്കുന്നത്.
സുരേഷ് ഗോപിയുടെ മൗനം അക്രമത്തെ ന്യായീകരിക്കുന്നതാണെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റും പറയുന്നു. ഒഡിഷയിൽ ആക്രമിക്കപ്പെട്ട വൈദികൻ സുരേഷ് ഗോപിയുടെ മണ്ഡലത്തിൽ ഉള്ള ആളാണ്. എന്നിട്ടും ഇദ്ദേഹം ഒരു വാക്കുപോലും ഉരിയാടിയില്ല. സുരേഷ് ഗോപിയുടേത് കപട മുഖമാണെന്നും ജോസഫ് ടാജറ്റ് പറയുന്നു.
അക്രമികൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് സഭകളുടെ ആവശ്യം. സംഭവം രേഖാമൂലം കലക്ടറുടെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് ആക്രമണത്തിനിരയായ സംഘം. വരും ദിവസങ്ങളിൽ പാർലമെന്റിലും ഈ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷ എംപിമാരുടെ നീക്കം.