ഞങ്ങൾക്ക് ചാൻസലറെ മതി, സവർക്കറെ വേണ്ട; സവർക്കർക്കെതിരെ ബാനറുയർത്തി എസ് എഫ് ഐ

കാലിക്കറ്റ് സർവ്വകലാ ശാലയിൽ സവർക്കർക്കെതിരെയുള്ള ഒരു ബാനർ എസ് എഫ് ഐ വച്ചിരുന്നു. എന്നാൽ ആ ബാനറിൽ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് സവർക്കർ എങ്ങനെ രാജ്യത്തിന്റെ ശത്രുവാകും എന്ന് ചോദിച്ച ആളാണ് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ.
നേരത്തെയുണ്ടായിരുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ പോലെ സംഘപരിവാർ അനുകൂലി മാത്രമല്ല ആർലേക്കർ. അദ്ദേഹം ഒരു കറ തീർന്ന ആർ എസ് എസുകാരൻ തന്നെയായാണ്. 1989 മുതൽ ബി ജെ പിയിൽ ആർലേക്കർ സജീവാമായി തന്നെ പ്രവർത്തിക്കുന്നുണ്ട്.
ഗോവയിലെ ബി ജെ പിയുടെ ജനറൽ സെക്രട്ടറി ആയിരുന്ന ആളാണ് അദ്ദേഹം. ഗോവ ഇൻഡസ്ട്രിയൽ ഡെവല്പ്മെന്റ് കോർപ്പറേഷന്റെ ചെയർമാൻ, ബി ജെ പി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
2014 ൽ മനോഹർ പരീക്കറിനെ കേന്ദ്ര മന്ത്രിസഭയിൽ പ്രതിരോധ വകുപ്പ് മന്ത്രിയായി നിയമിക്കാൻ തീരുമാനം എടുത്തപ്പോൾ ഗോവ മുഖ്യമന്ത്രിയായി ആദ്യം പരിഗണിച്ചത് ആർലേക്കറിന്റെ പേരാണ്.
പിന്നീട് അവസാന ഘട്ടത്തിലാണ് ലക്ഷ്മികാന്ത് പർസേക്കറിനെ ഗോവൻ മുഖ്യമന്ത്രിയായി നിയമിച്ചത്.
പിന്നീട് 2015 ൽ ഗോവ മന്ത്രിസഭയിൽ മാറ്റങ്ങൾ വരുത്തിയപ്പോൾ രാജേന്ദ്ര ആർലേക്കർ അവിടെ വനം പരിസ്ഥിതി മന്ത്രിയായി ചാര്‍ജെടുത്തു. 2021 ൽ ഹിമാചൽ പ്രദേശിന്റെ ഗവർണറായും, 2023 ൽ ബിഹാറിന്റെ ഗവർണറായും അദ്ദേഹം നിയമിതനായി.
അത് കഴിഞ്ഞാണ് കേരളത്തിലേക്ക് ആർലേക്കർ എത്തുന്നത്. തീർത്തും ഒരു 916 സംഘ്പരിവാറുകാരൻ ആയ ആർലേക്കറിന്, താനും സംഘടനയും ആരാധിക്കുന്ന, വീരപരിവേഷം ചാർത്തിയിരിക്കുന്ന സവർക്കർ എന്ന വ്യക്തിക്ക് എതിരെയുള്ള എസ് എഫ് ഐയുടെ ബാനർ കണ്ടാൽ തീർച്ചയായും കലി കയറും. അതിൽ എഴുതിയിരിക്കുന്നത് “We need Chancellor, not Savarkar ” എന്നാണ്. ഒരു സാധാരണ സംഘ അനുകൂലിക്ക് വരെ സഹിക്കാൻ പറ്റാത്ത ആയ പോസ്റ്റർ, ആർലേക്കർ എങ്ങനെയാണ് സഹിക്കുന്നത്.
താൻ യൂണിവേഴ്സിറ്റി ഓഫീസിലേക്ക് പോകുമ്പോൾ ഈ സവർക്കർ പോസ്റ്റര്‍ കണ്ടെന്നും, സവർക്കർ എങ്ങനെയാണ് രാജ്യ ശത്രു ആകുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഇങ്ങനെയുള്ള ബാനറുകള്‍ എങ്ങനെ കാമ്പസിൽ എത്തുന്നു എന്ന കാര്യം ശ്രദ്ധിക്കണം എന്ന് വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ബ്രട്ടീഷുകാർക്ക് പല തവണ മാപ്പെഴുതി കൊടുത്ത്, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത ആളായിട്ടാണ് ഹിന്ദുത്വ ബെൽറ്റിന് പുറത്ത് സവർക്കർ അറിയപ്പെടുന്നത്. എന്നാൽ ആർലേക്കർ കുട്ടികളോട് പറഞ്ഞത് സവർക്കറെ ശരിയായി മനസിലാക്കണമെന്നാണ്.
1948 ജനുവരി 30 ന് ആർ എസ് എസുകാരനായ നാഥുറാം ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധി കൊല്ലപ്പെട്ട ചരിത്രം ആർലേക്കർ അടക്കമുള്ള എല്ലാ ഇന്ത്യക്കാർക്കും അറിയാവുന്നതാണ്.
ആ കുപ്രസിദ്ധമായ ഗാന്ധി വധത്തിലെ പ്രതികളിൽ ഒരാളായിരുന്നു ഈ പറഞ്ഞ സവർക്കർ. കൃത്യമായി പറഞ്ഞാൽ ഗാന്ധി വധക്കേസിലെ ഏഴാവും പ്രതി. ഒന്നാം പ്രതി ഗോഡ്സെ തന്നെ ആയിരുന്നു. നാരായൺ ആപ്തെ ആയിരുന്നു രണ്ടാം പ്രതി. നാഥുറാം ഗോഡ്സെയുടെ സഹോദരനായ ഗോപാൽ ഗോഡ്സെ ആയിരുന്നു ആറാം പ്രതി.ഏഴാമതായാണ് സവർക്കറുടെ പേര് വരുന്നത്.
സാങ്കേതിക സ്ഥിരീകരണമില്ലെന്ന ക്കാരണം കൊണ്ടായിരുന്നു ശിക്ഷ ലഭിക്കാതെ പോയത്.
സവർക്കറെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് പ്രമുഖ വക്കീലായ അനിൽ നൗരിയ പറഞ്ഞത് – “ഈ കേസിലെ മാപ്പുസാക്ഷിയായ ദിഗംബർ, പറഞ്ഞത് ഈ സംഭവത്തിൽ സവർക്കർക്ക് ബന്ധം ഉണ്ട് എന്ന് തന്നെയാണ്. എന്നാൽ മാപ്പുസാക്ഷിയുടെ മൊഴിക്ക് സ്ഥിരീകരണം ഇല്ലാത്തതിനാൽ സവർക്കർ മോചിതനായി.
ഗാന്ധിയെ വധിക്കാൻ ഗോഡ്സെ നടത്തിയ രണ്ട് യാത്രകൾക്ക് മുൻപും ഗോഡ്സെ സവർക്കറുമായി കണ്ടിരുന്നു. ഗോഡ്സെ ഉൾപ്പെടെ സവർക്കറിന്റെ എല്ലാ അനുയായികളും ശിക്ഷിക്കപ്പെട്ടപ്പോൾ സാങ്കേതിക സ്ഥിരീകരണമില്ലെന്ന ഒരൊറ്റ കാരണം കൊണ്ട് സവർക്കർ രക്ഷപ്പെട്ടു.
സവർക്കറുടെ പദ്ധതി ഗോഡ്സെ നടപ്പാക്കി എന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ട് തന്നെയാണ് പുതിയ തലമുറയിലെ വിദ്യാർഥികൾ അടക്കമുള്ളവർ സവർക്കർ രാജ്യത്തിൻറെ ശത്രുവായി കാണുന്നത്. അത് തന്നെയാണ് എസ് എഫ് ഐക്കാരുടെ ആ ബാനറും വിളിച്ച് പറയുന്നത്.