കേരളത്തിന് അനുവദിച്ച എയിംസ് തമിഴ്നാടിന് കൊടുക്കുമെന്ന് പറയാൻ സുരേഷ്ഗോപി ആരാണ്?? സൂപ്പർസ്റ്റാർ മന്ത്രിക്കെതിരെ ബിജെപിയിൽ രോഷം പടരുന്നു

എയിംസ് വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒറ്റപ്പെടുകയാണ്. ബി.ജെ.പി നേതാക്കലും ഇപ്പോൾ അദ്ദേഹത്തെ തള്ളിക്കളഞ്ഞിരിക്കുന്നു. എയിംസ് തൃശൂരിൽ അല്ലെങ്കിൽ ആലപ്പുഴയിൽ സ്ഥാപിക്കണമെന്നും അതു നടന്നില്ലെങ്കിൽ തമിഴ്നാട്ടിലേക്ക് കൊണ്ടു പോകും എന്നുമുള്ള സുരേഷ് ഗോപിയുടെ പ്രസ്താവനയാണ് ബി.ജെ.പിയിൽ തർക്കമുണ്ടാക്കിയിരിക്കുന്നത്.
ഒരിക്കലും സുരേഷ് ഗോപിയുടെ നിലപാടിനൊപ്പം നിൽക്കാനാവില്ലെന്ന് സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശ് കാസർകോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിൽ വേണമെന്ന് തന്നെയാണ് ബി.ജെ.പിയുടെ നിലപാട്. സുരേഷ് ഗോപിയുടെ കടുംപിടിത്തം അദ്ദേഹത്തോട് ചോദിക്കണം. ആ അഭിപ്രായം ബി.ജെ.പിക്കില്ല. എല്ലാ ജില്ലക്കാർക്കും അവകാശപ്പെടാം. ഒരു ജില്ലക്ക് ഒരു മെഡിക്കൽ കോളജ് എന്ന കേന്ദ്രസർക്കാർ നിലപാടാണ് ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നത്. എയിംസ് കേരളത്തിനാണ് കിട്ടുന്നത്, അല്ലാതെ ഒരു ജില്ലക്കല്ല എന്നും എം.ടി. രമേശ് പറഞ്ഞു.
ബി.ജെ.പി കോഴിക്കോട് മേഖല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തും സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി രംഗത്തുവന്നിരുന്നു. സുരേഷ് ഗോപിയുടെ പ്രസ്താവന വന്നയുടനെ, ആരോഗ്യമേഖലയിൽ ഏറെ പിന്നാക്ക ജില്ലയായ കാസർകോട്ട് എയിംസ് അനുവദിക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സർവകക്ഷി സംഘത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ച കാര്യവും ശ്രീകാന്ത് എടുത്ത് പറഞ്ഞു.
സുരേഷ് ഗോപി പാർട്ടിക്ക് മുകളിൽ സഞ്ചരിച്ച്, സ്വന്തം അഭിപ്രായങ്ങൾ ബിജെപിയുടേത് എന്ന മട്ടിൽ പറയുന്നതിന് എതിരെയുള്ള രോഷമാണ് നേതാക്കളുടെ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. പുതിയ സംസ്ഥാന പ്രസിഡന്റും മറ്റു ഭാരവാഹികളുമെല്ലാം സുരേഷ് ഗോപിയുടെ ഇപ്പോളത്തെ പോക്കിൽ അതൃപ്തരാണെന്നാണ് പറയുന്നത്. തൃശൂരിലെ കലുങ്ക് സംവാദത്തിൽ വയോധികയോട് അപമര്യാദയായി പെരുമാറിയതും എം.പിക്കെതിരെയുള്ള വികാരം ബി.ജെ.പിക്കകത്ത് രൂക്ഷമാക്കി എന്നാണ് സൂചന.
എയിംസ് വിഷയത്തില്‍ സുരേഷ് ഗോപി പറയുന്നത് വ്യക്തിപരമായ അഭിപ്രായമെന്നും പാര്‍ട്ടി നിലപാടല്ലെന്നും വി മുരളീധരന് പ്രതികരിച്ചു. എയിംസ് സ്ഥാപിക്കേണ്ടത് ആലപ്പുഴയില്‍ തന്നെയെന്ന് കടുംപിടുത്തം തുടരുന്നതിന്റെ കാരണം സുരേഷ് ഗോപി തന്നെ വിശീദകരിക്കണമെന്ന് ബിജെപി ആലപ്പുഴ ജില്ല നേതൃത്വവും ആവശ്യപ്പെട്ടു. എയിംസ് വിഷയത്തില്‍ ബിജെപിയില്‍ തമ്മിലടി നടക്കുന്നതായി എം വി ഗോവിന്ദന് പ്രതികരിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ നിലപാടിനെ പിന്തുണച്ച് കോൺഗ്രസ്സിന്റെ കെ സി വേണുഗോപാല്‍ രംഗത്തെത്തി.
ദില്ലിയിലെ എയിംസ് ആശുപത്രി മാതൃകയില്‍ സംസ്ഥാനത്തും എയിംസ് സ്ഥാപിക്കണമെന്നത് കേരളത്തിന്റെ ഏറെകാലമായുളള ആവശ്യമായിരുന്നു. ഇതിൻറെ ഭാഗമായി കോഴിക്കോട് കിനാലൂരില്‍ ഭൂമിയേറ്റെടുക്കല്‍ അടക്കമുളള നടപടികള്‍ മുന്നോട്ട് പോവുകയും ചെയ്ത ഘട്ടത്തിലാണ് ഈ വിഷയത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഏകപക്ഷീയമായി നിലപാട് അവതരിപ്പിച്ചതും ആലപ്പുഴയില്‍ എയിസ് സ്ഥാപിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തത്.
എന്നാല്‍ ഈ നിലപാടിനെ ബിജെപി നേതാക്കള്‍ തന്നെ പലപവട്ടം പരോക്ഷമായി ചോദ്യം ചെയ്തിട്ടും സുരേഷ് ഗോപി നിലപാടില്‍ നിന്ന് പിന്നോട്ടില്ല. എയിംസിന്റെ കാര്യത്തിൽ തനിക്ക് ഒറ്റ നിലപാടെ ഉള്ളൂ എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് ഇന്നലെ പ്രതികരിച്ചത്. പറയാനുള്ളതെല്ലാം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി എയിംസ് കാര്യത്തില്‍ ആലപ്പുഴയ്ക്കായി വാദിക്കുമ്പോള്‍ ആലപ്പുഴയിലെ ബിജെപി നേതൃത്വം തന്നെ സുരേഷ് ഗോപിക്കെതിരെ രംഗത്തെത്തി. എയിംസ് കേരളത്തിൽ എവിടെയും സ്ഥാപിക്കാമെന്ന് ആലപ്പുഴ നോർത്ത് ജില്ലാ സെക്രട്ടറി പി കെ ബിനോയ് പ്രതികരിച്ചു. ആലപ്പുഴയെ പ്രത്യേകിച്ച് ചൂണ്ടിക്കാണിക്കാനില്ലെന്നും എന്തുകൊണ്ട് ആലപ്പുഴ എന്നതിൽ വ്യക്തത വരുത്തേണ്ടത് സുരേഷ് ഗോപി ആണെന്നും പി കെ ബിനോയ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ, എയിംസ് കാസർകോട് തന്നെ വേണമെന്ന് കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടി. മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ എല്ലാ യോഗത്തിലും പിണറായി വിജയനുമായി യുദ്ധം നടന്നിട്ടുണ്ട്. കോഴിക്കോടിനായി മുഖ്യമന്ത്രി വാശിപിടിക്കുന്നു. അടുത്തകാലത്ത് ബിജെപി രാഷ്ട്രീയത്തിൽ വന്ന് നേതാവായവർക്ക് വിഷയം അറിയില്ലെന്നും സുരേഷ് ഗോപിയുടെ ആവശ്യത്തെ താൻ എതിർക്കുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
എന്തായാലും കേരളത്തിനാണ് എയിംസ് അനുവദിച്ചത്. അതിന് അനുയോജ്യമായ സ്ഥലം കോഴിക്കോടാണോ, കാസർഗോഡാണോ അല്ലെങ്കിൽ സുരേഷ്ഗോപി പറയുന്ന ആലപ്പുഴ ആണോ എന്നൊക്കെ സ്ഥലത്തിന്റെ ലഭ്യതയും മറ്റുള്ള അടിസ്ഥാന സൗകര്യങ്ങളും നോക്കിയാണ് തീരുമാനിക്കേണ്ടത്. സംസ്ഥാന സർക്കാരിന് അത് തീരുമാനിക്കാം.
സുരേഷ്ഗോപി സാർ ഒരു കാര്യം മറക്കരുത്. പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര-സഹ മന്ത്രിയാണ് താങ്കൾ. ആരോഗ്യരംഗത്തെ കാര്യങ്ങൾ തീരുമാനിക്കാൻ ഈ രാജ്യത്ത് വേറെ ആളുകളുണ്ട്. ഇവിടെ തന്നില്ലെങ്കിൽ അങ്ങ് തമിഴ്നാട്ടിൽ എയിംസ് കൊണ്ടുപോയി കൊടുക്കും എന്നൊക്കെ പറയുന്നത് ശുദ്ധ ഭോഷ്കതരമാണ്. എയിംസ് തമിഴ്നാട്ടിൽ കൊടുക്കാൻ താങ്കൾക്ക് എന്താണ് അധികാരം എന്ന് ബിജെപി നേതാക്കൾ തന്നെയാണ് ഇപ്പോൾ ചോദിക്കുന്നത്.