ഭദ്രകാളിയുടെ ശാപം കുരീപ്പുഴ ശ്രീകുമാറിന് ഏൽക്കുമോ?? ക്ഷേത്രത്തിലെ മൈക്ക് ശല്യത്തിനെതിരെ പരാതി നൽകി
നമ്മുടെ നാട്ടിൽ മൊത്തം മൈക്കുകളും സ്പീക്കറും വെച്ച് കെട്ടി എല്ലാ ദിവസവും ഉച്ചത്തിൽ അലറാൻ ഒരു ദൈവങ്ങൾക്കും പള്ളികൾക്കും അമ്പലങ്ങൾക്കും ആരും അനുമതി നൽകിയിട്ടില്ല. മൈക്ക് അതിന്റെ ആവശ്യമുള്ള കോമ്പൗണ്ടിൽ നിശ്ചിത സമയത്ത് മാത്രമേ പ്രവർത്തിപ്പിക്കാവു എന്നതാണ് നിയമം.ഈ കാര്യം കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതിയും സുപ്രീം കോടതിയും പലതവണ ഉത്തരവിട്ടിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യത്തെ അത്രമാത്രം ബാധിക്കുന്നതാണ് ശബ്ദ ശല്യം. എന്നാൽ ഈ ഉത്തരവുകൾ പാലിക്കാൻ, അല്ലെങ്കിൽ അത് കർശനമായി നടപ്പിലാക്കാൻ, തന്റെടമുള്ള ഒരു ഗവൺമെന്റും പോലീസും ഇവിടെ ഉണ്ടായിട്ടില്ല എന്ന കാരണം കൊണ്ടാണ് ഈ ദുരന്തം ജനങ്ങൾ ഇപ്പോളും അനുഭവിക്കുന്നത്.
ഇത്തരത്തിൽ ശല്യം സഹിക്കാൻ പറ്റാതായത് കൊണ്ടാകാം കവി കുരീപ്പുഴ ശ്രീകുമാർ പോലീസിൽ പരാതിപ്പെട്ടത്. കരിങ്ങന്നൂർ ശ്രീ ഭദ്രകാളി ഭുവനേശ്വരി ചാമുണ്ടി ദേവി ക്ഷേത്രത്തിന് എതിരെയാണ് പരാതി നൽകിയത്. അത് തികച്ചും നിയമപരമായ ഒരു കാര്യമാണ്. അതിനെതിരെ ഏത് ഭക്തജന കൂട്ടായ്മ വാളെടുത്താലും ഒന്നും നടക്കാൻ പോകുന്നില്ല. ഈ നാട്ടിൽ നിലവിലുള്ള നിയമത്തിന്റെ വഴിയാണ് കുരീപ്പുഴ ശ്രീകുമാർ തെരഞ്ഞെടുത്തത്.
അദ്ദേഹത്തിനെതിരെ നിയമപരമായി ഒന്നും ചെയ്യാൻ കഴിയാത്തത്, ക്ഷേത്ര വിശ്വാസികൾ അദ്ദേഹത്തിനെതിരെ പ്രതികരിക്കാനാണ് അവിടുത്തെ ഭക്തജന കൂട്ടായ്മ ആഹ്വാനം ചെയ്യന്നത്.
കുരീപ്പുഴക്കെതിരായി സംഘപരിവാരത്തിന്റെ ചൊറിച്ചിൽ തുടങ്ങിയിട്ട് ഏറെ നാളുകളായി.
അദ്ദേഹത്തെ നിശബ്ദനാക്കാമെന്നത് അതിമോഹമാണ്. മതവും ജാതിയും അന്ധവിശ്വാസവും തലക്ക് പിടിക്കാത്ത ഒരു തലമുറ നമ്മുടെ നാട്ടിൽ ഉണ്ട്. വേണ്ട. ഭക്തി ഭ്രാന്തന്മാർ അല്ലാത്ത പുരോഗമന കേരളം അദ്ദേഹത്തോടൊപ്പം ഉണ്ട് എന്ന കാര്യം തിരിച്ചറിയുക. ഒരുനാവ് അരിയാൻ ശ്രമിച്ചാൽ ഒരായിരംനാവുകൾ അതിനെതിരെ ഉയരും, ഒരു ശബ്ദം ഇല്ലാതാക്കിയാൽ, ആയിരങ്ങൾ ശബ്ദമുയർത്തും.
പുരാതനകാലം മുതൽ ഉണ്ടായിരുന്നതാണ് ഈ ദൈവങ്ങൾ എന്നാണ് ഭക്തന്മാർ പറയുന്നത്. എന്നാൽ മൈക്കും ലൌദ് സ്പീക്കറും എന്നാണ് ഇവിടെയൊക്കെ എത്തിയത്?? മൈക്കില്ലാത്ത കാലത്ത് ഈ ദൈവങ്ങളൊക്കെ എങ്ങനെയാണ് കഴിച്ചുകൂട്ടിയത് എന്നും കൂടെ ഭക്തന്മാര് ഓർക്കുക.
വർഷങ്ങൾക്ക് മുന്നേയും കുരീപ്പുഴ ശ്രീകുമാറിനെ ആർഎസ്സുകാർ ആക്രമിച്ചിരുന്നു. അന്ന് വധശ്രമം, കൈയ്യേറ്റം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കടയ്ക്കല്‍ പൊലീസ് 15 ആർഎസ്എസുകാർക്ക് എതിരെ കേസ് എടുത്തിരുന്നു. കടയ്ക്കല്‍ കോട്ടുങ്കലില്‍ ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിച്ച് മടങ്ങവേയാണ് സംഭവം.
കുരീപ്പുഴ ശ്രീകുമാറിന്റെ പല പ്രസ്താവനകളും ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കുന്നതാണ് എന്നാണ് സംഘപരിവാർ പറയുന്നത്. പദ്മനാഭസ്വാമിയുടെ നാഭിയിൽ നിന്ന് താമരയുണ്ടായതായി പ്രചരിപ്പിക്കുന്നത് ബിജെപിക്കാരാണെന്നും, സരസ്വതീ ദേവി എങ്ങനെ വിദ്യാദേവിയാകും ,ഏതു പുസ്തകമാണ് അവർ എഴുതിയിട്ടുള്ളതെന്നും കുരീപ്പുഴ ചോദിച്ചിരുന്നു.
ഗണപതിയുടെ ഫോട്ടോ ഇല്ലാത്ത ഭക്ഷണശാലയായ , ഇന്ത്യൻ കോഫീ ഹൗസ് ആണ് തനിക്ക് ഏറെ പ്രിയം എന്ന് കുരീപ്പുഴ ഫേസ്ബുക്കിൽ കുറിച്ചതിനെയും വിശ്വാസികൾ എതിർത്തിരുന്നു. ഇതുപോലെ എല്ലാ മതവിശ്വാസികളുടെ ആരാധനാ ബിംബങ്ങളേയും വിശ്വാസങ്ങളേയും പരിഹസിക്കാൻ കുരീപ്പുഴയ്ക്ക് ധൈര്യമുണ്ടോ എന്നാണ് സംഘപരിവാർ അണികൾ ഉയർത്തുന്ന ചോദ്യം.