ഓഫീസിൽ വരുന്നില്ല, ഫോണുകൾ സ്വിച്ച് ഓഫ്; നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന പരാതി

നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന പരാതിയുമായി യുഡിഎഫ്. പഞ്ചായത്ത് സെക്രട്ടറി റിജുലാൽ ഒരാഴ്ചയായി ഓഫീസിൽ എത്തുന്നില്ലെന്നും ഓഫീസ് ഫോണും പേഴ്സണൽ നമ്പറും സ്വിച്ച് ഓഫ് ആണെന്നും പരാതിയിൽ പറയുന്നു. വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് നാദാപുരം പഞ്ചായത്തിൽ യുഡിഎഫ് പരാതി ഉന്നയിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സെക്രട്ടറിയെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്നാണ് യുഡിഎഫ് ആരോപണം. രേഖകൾ സഹിതം ഹിയറിങ്ങിന് ഹാജരായിട്ടുപോലും വോട്ടർമാരെ ചേർക്കുന്നില്ലെന്നായിരുന്നു യുഡിഎഫ് ഉന്നയിച്ച പരാതി.
പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്ക് പോലും സെക്രട്ടറിയുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. മറ്റു പല നമ്പറുകളിൽ നിന്നും വിളിച്ചാണ് ഇയാൾ ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുന്നത്. അത് ആരുടെയൊക്കെ നമ്പറുകളാണെന്ന് പരിശോധിക്കപ്പെടണം. വീട്ടിൽ പോയി അന്വേഷിച്ചിട്ടുപോലും അദ്ദേഹത്തെകുറിച്ച് വ്യക്തമായ വിവരം ലഭിച്ചില്ലെന്നും യുഡിഎഫ് ആരോപിച്ചു.