യുവതി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു
തൃശ്ശൂർ മാട്ടുമലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യ അർച്ചനയാണ്(20) മരിച്ചത്. ബുധനാഴ്ച വൈകിട്ട് വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ ഭർത്താവ് ഷാരോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു
ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയിൽ നിന്ന് കൊണ്ടുവരാനായി ഭർതൃമാതാവ് പുറത്തുപോയ സമയത്താണ് സംഭവം. തിരികെ എത്തിയപ്പോൾ അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രണയത്തിലായിരുന്ന ഷാരോണും അർച്ചനയും ആറ് മാസം മുമ്പാണ് വിവാഹിതരായത്
ഷാരോൺ സംശയരോഗിയായിരുന്നുവെന്നും അർച്ചനയെ ക്രൂരമായി മർദിക്കുമായിരുന്നുവെന്നും അർച്ചനയുടെ പിതാവ് ഹരിദാസ് പറഞ്ഞു. ആറ് മാസമായി വീട്ടിലേക്ക് ഫോൺ ചെയ്യാൻ പോലും മകളെ അനുവദിച്ചിരുന്നില്ല. ഷാരോൺ കഞ്ചാവ് കേസിലെ പ്രതിയാണെന്ന് പഞ്ചായത്ത് അംഗമായ ബിന്ദു പ്രിയൻ പറഞ്ഞു













