മാത്യുവിന്റെ കണ്ണീരൊപ്പാൻ യൂസഫലി; പത്ത് പശുക്കളെ വാങ്ങാനുള്ള പണം നല്‍കും
മരച്ചീനിയില കഴിച്ച് കൂട്ടത്തോടെ പശുക്കള്‍ ചത്ത സംഭവത്തില്‍ തൊടുപുഴയിലെ കുട്ടിക്കര്‍ഷകര്‍ക്ക് സഹായഹവുമായി എം.എ.
യൂസഫലിയുടെ ലുലു ഗ്രൂപ്പും. പത്ത് പശുക്കളെ വാങ്ങുന്നതിനുള്ള ലുലു ഗ്രൂപ്പ് പണം നല്‍കും. വീട്ടിലെത്തി തുക കൈമാറും.
നേരത്തെ നടൻ ജയറാമും കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി എത്തിയിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറിയത്. പുതിയ സിനിമയുടെ പ്രമോഷനായുള്ള തുകയാണ് ഇദ്ദേഹം നല്‍കിയത്. കുട്ടികള്‍ക്ക് കൈമാറിയത്. മമ്മൂട്ടി ഒരുലക്ഷവും പൃഥ്വിരാജ് രണ്ടുലക്ഷവും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട്ടിലെത്തി. 22 പശുക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഇതില്‍ 13 പശുക്കളാണ് ഞായറാഴ്ച രാത്രി ചത്തത്. അഞ്ച് പശുക്കള്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഇതില്‍ മൂന്നു പശുക്കളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. രണ്ട് പശുക്കള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
കപ്പത്തണ്ടിലെ സയനൈഡ് വിഷബാധയാണ് പശുക്കള്‍ ചാവാൻ കാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. മികച്ച കുട്ടിക്കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്ബില്‍ മാത്യു ബെന്നിയുടെയും ജോര്‍ജിന്റെയും പശുക്കളാണ് ചത്തത്. സംഭവം കണ്ടുനിന്ന മാത്യുവിനും അമ്മക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പുതുവത്സരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകീട്ട് പുറത്തുപോയ കുടുംബാംഗങ്ങള്‍ രാത്രി എട്ടോടെ തിരിച്ചുവന്ന് ഫാമിലെ 22 പശുക്കള്‍ക്ക് തീറ്റ കൊടുത്തു. ഏതാനും സമയം കഴിഞ്ഞ് പശുക്കള്‍ ഒന്നൊന്നായി തളര്‍ന്നുവീഴുകയായിരുന്നു.