ആലുവ റെയില്‍വേ സ്റ്റേഷന് സമീപം ചായക്കടയില്‍ ആക്രമണം നടത്തിയയാള്‍ അറസ്റ്റില്‍
ആലുവ റെയില്‍വേ സ്റ്റേഷന് പരിസരത്തെ ചായക്കടയില്‍ ആക്രമണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ആലുവ പട്ടേരിപ്പുറത്ത് വാടകക്ക് താമസിക്കുന്ന കോമ്പാറ എന്‍.എ.ഡി ഭാഗത്ത് തൈക്കണ്ടത്തില്‍ വീട്ടില്‍ ഫൈസല്‍ (33) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് സംഭവം. ചായക്കട ഉടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇരുമ്പ് പൈപ്പുകൊണ്ട് കടയില്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
ചില്ല് തെറിച്ച് കൊണ്ട് ജീവനക്കാരനായ ലിറ്റണ്‍ ഖാന്റെ മൂക്കിന് പരിക്കേറ്റിരുന്നു. അതിഥി തൊഴിലാളികളുടെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണും മറ്റും തട്ടിപ്പറിച്ചെടുക്കുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായത്. തുടര്‍ന്ന് പട്ടേരിപ്പുറത്തെ വീട്ടില്‍ പോലീസ് ഇയാളെ പിടികൂടാനെത്തിയപ്പോള്‍ നായയെ അഴിച്ച് വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പിന്നീട് കൂടുതല്‍ പോലീസെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പോലീസുദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമം നടത്തി. പ്രതിയെ കൊണ്ടു വന്ന പോലീസ് ജീപ്പിന്റെ പുറകുവശത്തെ ഗ്ലാസും അടിച്ചു തകര്‍ത്തു. സ്റ്റേഷനിലും, ആശുപത്രിയിലും ഒച്ചപ്പാടും ബഹളവും സൃഷ്ടിച്ചു. ചായക്കടയില്‍ അക്രമം നടത്തിയതിനും ഒദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പോലീസ് വാഹനം കേട് വരുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. ഫിറ്റ്നസ് ട്രയിനറാണ്.
ഫൈസലിനെതിരെ കളമശേരി, ആലങ്ങാട്, എടത്തല, പാലാരിവട്ടം സ്റ്റേഷനുകളില്‍ അഞ്ച് കേസുകളുണ്ട്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശമനുസരിച്ച് രൂപീകരിച്ച അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ എം.എം മഞ്ജു ദാസ്, എസ്.ഐമാരായ സി.ആര്.ഹരിദാസ്, എസ്.എസ്.ശ്രീലാല്‍ സി.പി.ഒമാരായ മാഹിന്‍ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ.എം മനോജ്, എം.എസ്.സന്ദീപ്, എസ് സുബ്രമണ്യന്‍ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.