സിനിമ സെറ്റുകളിലെ ഷാഡോ പോലീസ് തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍
സിനിമ സെറ്റുകളില്‍ നിലവിലുള്ള പരിശോധന തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്. തൊഴില്‍ തടസ്സപ്പെടാതിരിക്കാനാണ് ഷാഡോ പോലീസിനെ നിയോഗിച്ചതെന്ന് കമ്മീഷണര്‍ പറഞ്ഞു. ബി. ഉണ്ണികൃഷ്ണന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അദ്ദേഹം പറഞ്ഞാല്‍ അത് പരിശോധിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
സിനിമ സെറ്റില്‍ ഷാഡോ പോലീസിനെ ഏര്‍പ്പെടുത്താനുള്ള നടപടിക്കെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കമ്മീഷണറുടെ പ്രതികരണം. നിരീക്ഷണത്തില്‍ നിര്‍ത്തേണ്ട ഒരു തൊഴിലിടമല്ല സിനിമാ ചിത്രീകരണ ഇടങ്ങളെന്ന് ബി. ഉണ്ണികൃഷ്ണന് പറഞ്ഞിരുന്നു.
സംവിധായകന് നജീം കോയയുടെ ഹോട്ടല്‍ മുറിയിലെ എക്സൈസ് പരിശോധനയ്ക്കെതിരെ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ബി. ഉണ്ണികൃഷ്ണന് പ്രതികരണം. അടുത്തകാലത്ത് സിനിമയുമായി ബന്ധപ്പെട്ട് നടന്ന ചില സംവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ബി. ഉണ്ണിക്കൃഷ്ണന് പറഞ്ഞിരുന്നു.
ചെറുപ്പക്കാര്‍ മുഴുവന്‍ ലഹരിക്ക് അടിമകളാണെന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം നടീനടന്മാരെ ചുറ്റിപ്പറ്റിയായിരുന്നെങ്കില് റെയ്ഡ് നടന്നത് എഴുത്തുകാരനും സംവിധായകനുമായ ഒരാള്‍ക്കെതിരെയാണ്. അതുകൊണ്ട് നടീനടന്മാരെ മുഴുവന്‍ റെയ്ഡ് നടത്തണമെന്നല്ല തങ്ങള്‍ പറയുന്നതെന്നും ബി. ഉണ്ണിക്കൃഷ്ണന് പറഞ്ഞു.