അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി
അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി. എറണാകുളം സ്വദേശിനി റബേക്ക ജോസഫ് നല്കിയ ഹര്‍ജിയാണ് തള്ളിയത്. മദ്രാസ് ഹൈക്കോടതിയുടെ പ്രത്യേക ഫോറസ്റ്റ് ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. ആനയെ കേരളത്തിന് കൈമാറേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
ഹര്‍ജി ഹൈക്കോടതി പരിഗണിച്ചപ്പോള്‍ തന്നെ പരാതിക്കാരിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഹര്‍ജി ശ്രദ്ധ നേടാനുള്ള ശ്രമമാണെന്ന വിമര്‍ശനമാണ് ഉന്നയിച്ചത്. മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിലേക്ക് അരിക്കൊമ്പനെ തുറന്നുവിടണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തുടര്‍ന്ന് കോടതി പ്രത്യേക ഫോറസ്റ്റ് ബെഞ്ചിന് കേസ് കൈമാറുകയായിരുന്നു.
ഈ ബെഞ്ചാണ് അരിക്കൊമ്പനെ കേരളത്തിലേക്ക് കൈമാറേണ്ടതില്ലെന്ന നിലപാടെടുത്തത്. അരിക്കൊമ്പന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വനംവകുപ്പിന് വൈദഗ്ധ്യമുണ്ടെന്നും കോടതി വ്യക്തമാക്കി. നിലവില്‍ തിരുനെല്‍വേലി മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വിലാണ് അരിക്കൊമ്പനുള്ളത്. ഇവിടെ അരിക്കൊമ്പന് സുഖമായി കഴിയുകയാണെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ മാറ്റേണ്ടതില്ലെന്ന് നിലപാടിലേക്ക് കോടതിയെത്തിയത്.