ഒരു വര്‍ഷത്തിലേറെയായി കണ്ടെയ്നര്‍ റോഡിലെ യാത്രക്കാരായ സ്തീകളുടെ പേടി സ്വപ്നം; ലക്ഷദ്വീപുകാരനായ മാല മോഷ്ടാവ് പിടിയില്‍
മുളവുകാട് കണ്ടെയ്നര്‍ റോഡില്‍ വാഹന യാത്രക്കാരായ സ്തീകളുടെ മാല പൊട്ടിച്ചെടുക്കുന്ന പ്രതി പിടിയില്‍. ലക്ഷദ്വീപ് അഗത്തി സ്വദേശി മുജീബ് റഹ്മാന് സാഹിബ് ആണ് മുളവുകാട് പോലീസിന്റെ പിടിയിലായത് കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പലില്‍ സീമാന്‍ ജോലി ചെയ്യുന്ന പ്രതി കപ്പല്‍ കൊച്ചിയില്‍ റിപ്പയറിന് അടുക്കുമ്പോള്‍ ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ് പതിവ്. ആ ദിവസങ്ങളില്‍ തന്റെ ലക്ഷദ്വീപ് രജിസ്ട്രഷനിലുള്ള ടൂ വീലറുമായി കറങ്ങുകയും സന്ധ്യാ സമയനാകുമ്പോള് ബോള്‍ഗാട്ടി ജംഗ്ഷനില്‍ എത്തുകയും സ്വര്‍ണ്ണമാല ധരിച്ച് ടുവീലറില്‍ യാത്ര ചെയ്യുന്ന സ്തികളെ നിരിക്ഷിക്കുകയും ചെയ്യും. തനിക്ക് പറ്റിയ ഇരയാണെന്ന് മനസ്സിലാക്കിയാല്‍ പിന്തുടരുകയും വെളിച്ചം കുറഞ്ഞ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ എത്തുന്ന സമയം സ്തീകളുടെ മാല പൊട്ടിച്ചെടുക്കുന്നതാണ് ഇയാളുടെ രീതി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസം വല്ലാര്‍പാടം പള്ളിയില്‍ പോയി തിരിച്ചു വന്ന കൊങ്ങോര്‍പ്പിള്ളി സ്വദേശിനിയുടെ 4 പവന് തൂക്കം വരുന്ന സ്വര്‍ണ്ണ മാല പൊട്ടിച്ചതാണ് മുളവുകാട് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസ്. ആ ദിവസം തന്നെ പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതിനു ശേഷം മരുമകളുമായി യാത്ര ചെയ്ത ആലങ്ങാട് സ്വദേശിയുടെ മൂന്നര പവന് മാലയും കവര്‍ന്നു. പ്രതിയെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങളും സമാന കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ള മുന്‍ പ്രതികളെയും നിരിക്ഷിച്ചുവെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കണ്ടെയ്നര്‍ റോഡില്‍ മഫ്ത്തിയിലും മറ്റും വൈകുന്നേരങ്ങളില്‍ പെട്രോളിങ്ങ് ശക്തമാക്കി.
അതിനിടയില്‍ രണ്ടാഴ്ച മുന്‍പ് ബാങ്ക് ഉദ്യാഗസ്ഥയായ ചേരാനല്ലൂര്‍ സ്വദേശിനി ജോലി കഴിഞ്ഞ് കണ്ടയ്നര്‍ റോഡിലുടെ വീട്ടിലേയ്ക്ക് പോകുമ്പോള്‍ പ്രതിയുടെ കവര്‍ച്ചാ ശ്രമത്തിന് ഇരയായെങ്കിലും ആഭരണങ്ങള്‍ ഒന്നും നഷ്ടപ്പെട്ടില്ല. യുവതിയുടെ കഴുത്തിന് ചെറിയ മുറിവുകള്‍ പറ്റി. കവര്‍ച്ചകള്‍ നടത്തുന്ന പ്രതി ഒരാളാണെനന് ഉറപ്പാക്കിയ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്യുന്നതിനിടയില്‍ ഈ മാസം 3-ാം തീയ്യതി സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ വണ്ടിയുടെ ഹെഡ് ലൈറ്റ് ഓഫ് ആക്കി ഒരാള്‍ പിന്തുടരുന്നത് കണ്ട് സംശയം തോന്നിയ മഫ്ത്തി പോലീസ് അയാളെ പിടികൂടുകയായിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ അയാളെ തന്ത്രപരമായി ചോദ്യം ചെയ്യുകയും അയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും മറ്റും വിശദമായ് പരിശോധിച്ചപ്പോള്‍ ആണ് പോലീസ് അന്വേഷിക്കുന്ന പ്രതി ഇയാളാണെന്ന് തിരിച്ചറിഞ്ഞത്. മാന്യമായ ജോലിയും കുടുംബ പാരമ്പര്യമുള്ളതുമായ പ്രതി പോലീസിന്റെ ചോദ്യങ്ങളെ സമര്‍ഥമായാണ് നേരിട്ടത്. എന്നാല്‍ പോലീസ് തെളിവുകള്‍ എല്ലാം നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചു കവര്‍ന്നെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ കതൃകടവിലുള്ള ഒരു ജ്വല്ലറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു.ആഡംബര ജീവിതം നയിക്കുവാന്‍ ആണ് താന്‍ ഇത് ചെയ്തത് എന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി.
ഇന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി കണ്ടെയ്നര്‍ റോഡില്‍ 7 മണിമുതല്‍ 11 മണി വരെ സ്കൂട്ടറില്‍ യാത്ര ചെയ്യുന്നവര്‍ സമാന സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഇന്‍സ്പെക്ടര്‍ മഞ്ജിത് ലാല്‍ പി എസ് അറിയിച്ചു. മുളവുകാട് ഇന്‍സ്പെക്ടര്‍ മഞ്ജിത്ത് ലാല്‍ പി.എസിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ സുനേഖ് ജെയിംസ്, എഎസ്ഐ ശ്യാംകുമാര്‍, പോലീസുകാരായ. രാജേഷ്, അരുണ്‍ ജോഷി, ഗോപകുമാര്‍, സിബില്‍ ഭാസി, തോമസ് ജോര്‍ജ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.