കണ്ണൂരില്‍ ട്രെയിനിന് തീയിട്ടത് കസ്റ്റഡിയിലുള്ള ബംഗാല്‍ സ്വദേശി തന്നെ; ഇയാള്‍ മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് പോലീസ്
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിന് തീയിട്ടത് കസ്റ്റഡിയിലുള്ള പശ്ചിമ ബംഗാള്‍ സ്വദേശി തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. ബംഗാളിലെ 24 സൗത്ത് പ്രഗ്നാനസ് സ്വദേശിയായ പ്രസൂണ്‍ജിത് സിക്ദര്‍ (40) ആണ് ട്രെയിന്‍ തീവെച്ചതെന്ന് ഉത്തരമേഖല ഐജി നീരജ് ഗുപ്ത പറഞ്ഞു.
ഭിക്ഷാടനത്തിനായി തലശ്ശേരിയിലെത്തിയ ഇയാള്‍ക്ക് പണമൊന്നും ലഭിച്ചിരുന്നില്ല. അതേത്തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായിരുന്നു ഇയാള്‍. തുടര്‍ന്ന് കണ്ണൂരിലേക്ക് നടന്നാണ് എത്തിയത്. മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ഇയാള്‍ ട്രെയിന്‍ തീവെച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍ എന്നും ഐജി പറഞ്ഞു.
കൊല്‍ക്കത്തയിലും മുംബൈയിലും ഡല്‍ഹിയിലും ഇയാള്‍ ഹോട്ടലില്‍ ജോലി ചെയ്ത ഇയാള്‍ രണ്ടു വര്‍ഷം മുമ്പ് വരെ പ്ലാസ്റ്റിക് ബോട്ടില്‍ പെറുക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. ഇതിന് ശേഷം ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞതെന്നും വ്യക്തമാക്കി. കസ്റ്റഡിയിലുള്ള ഇയാളെ ഉടന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും ഐജി വ്യക്തമാക്കി.