അമേരിക്കയില്‍ ട്രക്കിനുള്ളില്‍ 46 മൃതദേഹങ്ങള്‍; ദുരന്തം മനുഷ്യക്കടത്തിനിടെയെന്ന് സൂചന
അമേരിക്കയില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കിനുള്ളില്‍ 46 മൃതദേഹങ്ങള്‍ കണ്ടെത്തി. ടെക്സസിലെ സാന്‍ അന്റോണിയോയിലാണ് സംഭവം. മെക്സിക്കോ-അമേരിക്കന്‍ അതിര്‍ത്തിയില്‍ നടക്കുന്ന മനുഷ്യക്കടത്തില്‍ അടുത്തിടെയുണ്ടാകുന്ന ഏറ്റവും ദാരുണമായ സംഭവമാണ് ഇതെന്ന് സാന്‍ അന്റോണിയോ സിറ്റി അധികൃതര്‍ പറഞ്ഞു. ട്രക്കിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ 16 പേരെ ആശുപത്രിയിലേക്ക് മാറ്റി.
അതിര്‍ത്തിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നാണ് ട്രക്ക് കണ്ടെത്തിയത്. ടെക്സസിലെ കനത്ത ചൂടാണ് ദുരന്തത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. തിങ്കളാഴ്ച പ്രദേശത്തെ താപനില 39.4 ഡിഗ്രി വരെ ഉയര്‍ന്നിരുന്നു. വാഹനത്തില്‍ വെള്ളമുണ്ടായിരുന്നില്ല. ആശുപത്രിയിലേക്ക് മാറ്റിയവരില്‍ നാലു പേര് കുട്ടികളാണ്. എന്നാല്‍ മരിച്ചവരില്‍ കുട്ടികളാരുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുടിയേറ്റക്കാര്‍ അനധികൃതമായി അതിര്‍ത്തി കടക്കാനുള്ള ശ്രമത്തില്‍ കൊല്ലപ്പെടുന്ന ഏറ്റവും വലിയ സംഭവമാണ് ഇതെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരുടെ പങ്ക് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
Content Highlights: Migrants, Dead, Truck, Texas, Mexico, Border, Human Trafficking