വടക്കൻ കശ്മീരിലെ തിരിച്ചറിയാത്ത കുഴിമാടങ്ങളില് 90 ശതമാനവും ‘തീവ്രവാദികളുടേത്’; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

വടക്കൻ കശ്മീരിലെ ദീർഘകാലമായി നിലനിൽക്കുന്ന “കൂട്ടക്കുഴിമാടം” എന്ന ആഖ്യാനത്തെ വെല്ലുവിളിക്കുന്ന ഒരു പുതിയ ഫീൽഡ് പഠനം .
വടക്കൻ കശ്മീരിലെ തിരിച്ചറിയാൻ കഴിയാത്ത 4056 കുഴിമാടങ്ങളിൽ തൊണ്ണൂറ് ശതമാനവും തീവ്രവാദികളുടേതാണെന്ന് പഠന റിപ്പോർട്ട്. ഇതിലെ പല കുഴിമാടങ്ങളും വിദേശ – പ്രാദേശിക തീവ്രവാദികളുടേതാണെന്ന് സേവ് യൂത്ത് സേവ് ഫ്യൂച്ചർ ഫൗണ്ടേഷൻ എന്ന കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒ പഠനത്തിലാണ് വ്യക്തമാക്കുന്നത്.
‘അൺറാവലിംഗ് ദി ട്രൂത്ത്: എ ക്രിട്ടിക്കൽ സ്റ്റഡി ഓഫ് അൺമാർക്കഡ് ആൻഡ് അൺഐഡന്റിഫൈഡ് ഗ്രേവ്സ് ഇൻ കശ്മീർ വാലി’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട്, കശ്മീർ ആസ്ഥാനമായുള്ള സേവ് യൂത്ത് സേവ് ഫ്യൂച്ചർ ഫൗണ്ടേഷൻ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
വജാഹദ് ഫാറൂഖ് ഭട്ട്, സാഹിദ് സുൽത്താൻ, ഇർഷാദ് അഹമ്മദ് ഭട്ട്, അനിഖ നാസിർ, മുദ്ദാസിർ അഹമ്മദ് ദർ, ഷാബിർ അഹമ്മദ് എന്നിവർ നയിച്ച ഗവേഷകർ 373ഓളം ശ്മശാനങ്ങളിൽ നേരിട്ട് നടത്തിയ അന്വേഷണങ്ങളാണ് റിപ്പോർട്ടിന്റെ അടിസ്ഥാനം. അതിർത്തി ജില്ലകളായ വടക്കൻ കശ്മീരിലുള്ള ബാരാമുള്ള, കുപ്പ്വാര, ബന്ദിപോര എന്നിവിടങ്ങളിലും സെൻട്രൽ കശ്മീരിലെ ഗന്ദേർബാലിലുമാണ് ഇവർ പഠനം നടത്തിയത്.
ജനങ്ങൾ ഫണ്ട് ചെയ്യുന്ന ഈ സംഘടന അവരുടെ ഉദ്യമം ആരംഭിച്ചത് 2018ലാണ്. 2024ൽ ഗ്രൗണ്ട് വർക്കുകൾ പൂർത്തിയാക്കി. ഇതിന് ശേഷം വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യാനായി ഇതിന്റെ റിപ്പോർട്ടുകൾ തയ്യാറാക്കുകയാണ് അവർ ചെയ്തത്. കശ്മീർ താഴ്വരയിൽ സംഘർഷം സൃഷ്ടിക്കാൻ അതിർത്തി കടന്നെത്തുന്ന അനാവശ്യ വ്യാഖ്യാനങ്ങളെ എതിർക്കാൻ കഴിയുന്ന കൃത്യമായ തെളിവുകളാണ് പഠനത്തിലുള്ളതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയവരിലൊരാളായ വാജാഹത്ത് ഫാറൂഖ് പറയുന്നു. ജിപിഎസ് ടാഗിങ്, ഫോട്ടോഗ്രാഫിക്ക് ഡോക്യുമെന്റേഷൻ, നേരിട്ടുള്ള വെളിപ്പെടുത്തലുകൾ, ഔദ്യോഗിക രേഖകളുടെ പരിശോധന എന്നീ രീതികളിലൂടെയാണ് കൃത്യമായി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.
ഭരണകൂടം സ്പോൺസർ ചെയ്യുന്ന അതിക്രമങ്ങളുടെ തെളിവായി ഈ ശ്മശാന സ്ഥലങ്ങളെ ചിത്രീകരിച്ച ചില അഭിഭാഷക ഗ്രൂപ്പുകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും വാദങ്ങളെ ഈ റിപ്പോർട്ട് പൊളിക്കുന്നു.
4056 കുഴിമാടങ്ങളുടെ വിവരങ്ങളാണ് ഗവേഷക സംഘം ശേഖരിച്ചിരിക്കുന്നത്. ചില താത്പര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന സംഘങ്ങൾ ഉയർത്തിയ അവകാശവാദങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് പുറത്ത് വന്നിരിക്കുന്ന പഠന റിപ്പോർട്ട്. രാജ്യത്ത് കടന്നുകയറാൻ ശ്രമിക്കുന്നതിനിടയിൽ കൊല്ലപ്പെട്ട വിദേശ തീവ്രവാദികളുടെ കുഴിമാടങ്ങളാണ് ഇതില് 2493 എണ്ണവും, അതായത് ഏകദേശം 61.5 ശതമാനം. ഇത്തരം വ്യക്തികളെ തിരിച്ചറിയാൻ കൂടുതൽ തെളിവുകളൊന്നും ശേഷിക്കാറില്ല, അവരുമായി ബന്ധപ്പെട്ട സംഘടനകൾ ഏതാണെന്ന് വ്യക്തമാകാതെ പോകുന്നതിന് കാരണവുമിതാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പാകിസ്താൻ പലപ്പോഴും അവരുടെ ഇടപെടൽ നിഷേധിക്കുന്നതും.
ഗവേഷകർ പരിശോധിച്ചതിൽ 1208 കുഴിമാടങ്ങൾ, ഏകദേശം 29.8 ശതമാനം കശ്മീരിൽ നിന്നുള്ള പ്രാദേശിക തീവ്രവാദികളുടേതാണ്. ഇവർ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരാണ്. ഇവരുടെ കുടുംബങ്ങൾ തന്നെ വെളിപ്പെടുത്തിയതോ അല്ലെങ്കിൽ കമ്മ്യൂണിറ്റി ടെസ്റ്റിമോണിയലുകളിലൂടെയോ ആണ് ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടത്. ഇതിൽ സാധാരണക്കാരായ ആളുകളുടെ ഒമ്പത് കുഴിമാടങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇത് മുഴുവൻ കുഴിമാടങ്ങളുടെ 0.2 ശതമാനമാണ്. പല ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠന റിപ്പോർട്ട്.
1947ലെ കശ്മീർ യുദ്ധത്തിൽ കൊല്ലപ്പെട്ട ഗോത്രവിഭാഗത്തിലെ കടന്നുകയറ്റക്കാരുടെ എഴുപത് കുഴിമാടങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ഇതിൽ ഉൾപ്പെടുന്ന 276ഓളം കുഴിമാടങ്ങളിൽ ഫോറൻസിക്ക് അന്വേഷണം നടത്തണമെന്നും ഡിഎൻഎ പരിശോധന അടക്കമുള്ള ആധുനിക രീതികളിലൂടെ ഇവരെ തിരിച്ചറിയമെന്നും ഭട്ട് ആവശ്യപ്പെടുന്നുണ്ട്. പഠനത്തിന്റെ ഭാഗമായി ഗവേഷകർ സമീപിച്ച ആളുകളും അവർ നൽകിയ വിവരങ്ങളും റിപ്പോർട്ടിനെ സ്വാധീനിച്ചിട്ടുണ്ട്.
ഓഖാഫ് പള്ളി കമ്മിറ്റിയിലെ അംഗങ്ങളും പുരോഹിതന്മാരും, കുഴിമാടങ്ങൾ കുഴിക്കുന്നത് വർഷങ്ങളായി തുടരുന്നവർ, കാണാതായ ആളുകളുടെയും പ്രാദേശിക തീവ്രവാദികളുടെയും കുടുംബങ്ങൾ, ദീർഘകാലമായി പ്രദേശത്ത് താമസിക്കുന്ന അവിടുത്തെ ശവസംസ്കാര രീതികളെ കുറിച്ച് കൃത്യമായ വിവരങ്ങൾ കൈമാറാൻ കഴിയുന്നവർ, ജയിൽമോചിതരായ അല്ലെങ്കിൽ കീഴടങ്ങിയ മുൻകാല തീവ്രവാദികൾ എന്നിവരിൽ നിന്നെല്ലാമാണ് ഗവേഷകർ വിവരങ്ങൾ ശേഖരിച്ചത്.
അന്താരാഷ്ട്ര തലത്തിലുള്ള ചില സംഘടനകളടക്കം ഈ കുഴിമാടങ്ങൾ പ്രദേശവാസികളുടേതാണെന്നും രാജ്യം സ്പോൺസർ ചെയ്ത ക്രൂരതയുടെ തെളിവുകളാണെന്നും അവകാശവാദമുയർത്തുന്നുണ്ട്. ഇതെല്ലാം തള്ളിക്കളയാൻ സാധിക്കുന്ന കൃത്യമായ തെളിവുകളടക്കമാണ് റിപ്പോർട്ടിലുള്ളതെന്ന് ഗവേഷക സംഘം പറയുന്നു. 1990നും 2000നുമിടയിലാണ് ഇവിടെ കുഴിച്ചുമൂടൽ നടന്നിരിക്കുന്നത്. അതായത് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സോവിയറ്റ് പിൻമാറ്റത്തിന് പിന്നാലെ വിദേശ തീവ്രവാദികളുടെ കടന്നുകയറ്റമുണ്ടായ സമയം.
1989 അഫ്ഗാനിൽ നിന്നും സോവിയറ്റ് പിൻമാറ്റം ഉണ്ടായപ്പോൾ ആ സാഹചര്യം ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കാനാണ് പാകിസ്താൻ ശ്രമിച്ചതെന്ന് ഗവേഷകർ പറയുന്നു. ഇതിന് ചുക്കാൻ പിടിച്ചത് പാക് ഐഎസ്ഐയാണ്. ഈ സമയത്താണ് ഹിസ്ബുൾ മുജാഹ്ദ്ദീൻ, ലഷ്കർ ഇ തയ്ബ, ജെയ്ഷ് ഇ മുഹമ്മദ് എന്നീ സംഘടനകൾ കൂടുതൽ ശക്തിപ്രാപിച്ചത്.
പൗരന്മാരുടെ കുഴിമാടങ്ങളാണെന്ന ആരോപങ്ങൾ കേട്ട് വളർന്നവരാണ് ഈ പഠനത്തിന് നേതൃത്വം നൽകിയവർ. ഇക്കാര്യങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് സ്വന്തമായി ഉത്തരം കണ്ടെത്തുമ്പോൾ പല ആരോപണങ്ങളും അടിസ്ഥാനമില്ലാത്തതാണെന്ന് വ്യക്തമാവുകയാണെന്നും പഠന സംഘം പറയുന്നു. മാത്രമല്ല ഈ പഠനത്തിലൂടെ സ്വന്തം പൗരന്മാരോടുള്ള പാകിസ്താന്റെ മനുഷ്യരഹിതമായ സമീപനവും തുറന്നുകാട്ടപ്പെടുകയാണെന്ന് ഗവേഷക സംഘം ചൂണ്ടിക്കാട്ടുന്നു.