മധ്യപ്രദേശിലെ നർസിംഗ്പൂരില്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവും പോലീസും നടുറോട്ടില്‍ ഏറ്റുമുട്ടി

മധ്യപ്രദേശിലെ നർസിംഗ്പൂരില്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവും പോലീസും നടുറോട്ടില്‍ ഏറ്റുമുട്ടി. നർസിംഗ്പൂരിലെ കരേലി പട്ടണത്തിലാണ് സംഭവം നടന്നത്. പോലീസുകാർ യുവാവിനെ തള്ളി മാറ്റുന്നതും പുറകെ ഒരു പോലീസുകാരന് റോഡിലേക്ക് തെറിച്ച് വീഴുന്നതും വീഡിയോയില്‍ കാണാം. അതിന് പിന്നാലെ ഒരു കൂട്ടം പോലീസുകാര്‍ ഓടിവരികയും യുവാവിനെ നടുറോട്ടില്‍ ഇടിച്ചും ചവിട്ടിയും താഴെ വീഴ്ത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
പ്രാദേശിക വ്യാപാരിയായ ദിപാൻഷു യാദവ് തന്റെ ബൈക്ക് ഒരു ബാങ്കിന് പുറത്ത് പാർക്ക് ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാഹനത്തിന്റെ ഉടമയെ അന്വേഷിക്കുന്നതിന് പകരും വാഹനം കൊണ്ടുപോകാന്‍ പോലീസുകാര്‍ ശ്രമിച്ചപ്പോള്‍ ദിപാന്‍ഷു തടയാന്‍ ശ്രമിച്ചു. എന്നാല്‍, പോലീസുകാര്‍ ദിപാന്‍ഷുവിനെ തള്ളി മാറ്റി വാഹനം കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ ദിപാന്‍ഷു. പോലീസുകാരനെ കോളറിന് പിടിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇയാള്‍ റോഡില്‍ വീണതിന് പിന്നാലെ പല ഭാഗത്ത് നിന്നായി നാലഞ്ച് പോലീസുകാര്‍ ഓടിവരികയും ദിപാന്‍ഷുവിനെ നടുറോട്ടിലേക്ക് വലിച്ചിഴയ്ക്കുകയും മുഖത്തും തലയിലും ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.