വയനാട്ടില്‍ നിന്ന് കാണാതായ സിഐ എലിസബത്തിനെ കണ്ടെത്തി
കാണാതായ പനമരം പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ എ എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് ജില്ലാ പോലീസ് മേധാവി ആര് ആനന്ദ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് 6.30 മുതലാണ് ഇവരെ കാണാതായത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയതിനു ശേഷം എലിസബത്തിനെക്കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു.
ഇവരുടെ ഔദ്യോഗിക ഫോണും സ്വകാര്യ ഫോണ്‍ നമ്പറും സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നതിനാല്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇവരെ കാണാനില്ലെന്ന് കാട്ടി പരാതി നല്‍കുകയായിരുന്നു. കോഴിക്കോട്ടെ എ.ടി.എം കൗണ്ടറില്‍ നിന്ന് തിങ്കളാഴ്ച രാത്രി പത്തുമണിയോടെ പണം എടുത്തശേഷം പാലക്കാട് ബസില്‍ കയറിയതായി സ്ഥിരീകരിച്ചിരുന്നു. പിന്നീട് എവിടേക്കാണ് പോയതെന്ന് വിവരമില്ലായിരുന്നു. അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്
പനമരം പൊലീസ് കല്പറ്റയിലെത്തി അന്വേഷിച്ചുവെങ്കിലും കണ്ടെത്തിയില്ല. മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. മേലുദ്യോഗസ്ഥരില്‍ നിന്നു ജോലി സമ്മര്‍ദമുണ്ടായതായി സഹപ്രവര്‍ത്തകരില്‍ ചിലരോട് സി.ഐ പറഞ്ഞിരുന്നതായി സൂചനയുണ്ട്.