ജെഎന്യുവില് ദി കേരള സ്റ്റോറി പ്രദര്ശിപ്പിച്ച് എബിവിപി; പ്രതിഷേധവുമായി എസ്എഫ്ഐ
ജെഎന്യു ക്യാമ്പസില് ദി കേരള സ്റ്റോറിയുടെ പ്രത്യേക പ്രദര്ശനം സംഘടിപ്പിച്ച് എബിവിപി. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കണ്വന്ഷന് സെന്ററില്വച്ച് പ്രീമിയര് ഷോ നടത്തിയത്. സിനിമ കാണാന് നിരവധി വിദ്യാര്ത്ഥികള് എത്തിയിരുന്നു. പ്രദര്ശനത്തിനെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചു. മേയ് അഞ്ചിന് സിനിമ റിലീസ് ആകാനിരിക്കെയാണ് ജെഎന്യുവില് പ്രത്യേക പ്രദര്ശനം നടത്തിയത്.
സംഘപരിവാര് നുണ ഫാക്ടറിയുടെ ഉല്പന്നമാണ് സിനിമയെന്ന് എസ്എഫ്ഐ പറഞ്ഞു. ചിത്രം മുസ്ലീം വിരുദ്ധമാണെന്ന വിമര്ശനം ശക്തമായി ഉയരുകയാണ്. കേരളത്തില് ഭരണ പ്രതിപക്ഷ കക്ഷികള് ചിത്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സിനിമയെ സിനിമയായി കണ്ടാല് മതിയെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്.
സിനിമ പ്രദര്ശിപ്പിക്കുന്നതിന് അടിയന്തര സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയില് ഹര്ജി നല്കിയിരുന്നെങ്കിലും, അത് ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം, സംഭവത്തില് സെന്സര് ബോര്ഡിനോട് ഉള്പ്പെടെ കോടതി വിശദീകരണം തേടിയിട്ടുണ്ട്.