പിടിക്കാന്‍ ശ്രമിച്ച പോലീസുകാരെ വിലങ്ങുപയോഗിച്ച് ആക്രമിച്ചു; രക്ഷപ്പെട്ട മിന്നല്‍ ഫൈസലിനായി തെരച്ചില്‍
തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാരെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു. നിരവധി കേസുകളില്‍ പ്രതിയായ മിന്നല്‍ ഫൈസലാണ് പോലീസുകാരെ ആക്രമിച്ചത്. ചിറയിന്‍കീഴിലാണ് സംഭവം. പോലീസുകാര്‍ വിലങ്ങു വെക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാള്‍ ആക്രമിച്ചത്. വിലങ്ങുകൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് സിപിഒമാര്‍ ചികിത്സയിലാണ്.
ഉച്ചയ്ക്ക് 12 മണിക്കാണ് മിന്നല്‍ ഫൈസലിനെ പിടികൂടുന്നതിനായി മൂന്നു പോലീസുകാര്‍ എത്തിയത്. ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ മാത്രം ഏതാണ്ട് ഇരുപതോളം കേസുകളില്‍ പ്രതിയായ ഇയാള്‍ ആറ്റിങ്ങള്‍ സ്റ്റേഷന് പരിധിയില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം എത്തിയത്.
ഫൈസലിനെ പിടികൂടി വിലങ്ങിടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ തന്റെ കയ്യില്‍ പിടിച്ചിരുന്ന ലുക്മാന്റെ തലയില്‍ ഇടിച്ചു. കയ്യിലുണ്ടായിരുന്ന കത്തി പുറത്തെടുത്ത് പോലീസുകാര്‍ക്ക് നേരെ വീശിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഫൈസലിനെ പിടികൂടാന്‍ പോലീസുകാര്‍ വീണ്ടും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തലയ്ക്കു പരുക്കേറ്റ ലുക്മാനെ പിന്നീട് വിദഗ്ധ പരിശോധനകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.