കയ്പമംഗലത്ത് പെട്രോള്‍ പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
തൃശൂര്‍, കയ്പമംഗലത്ത് പെട്രോള്‍ പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് വിധി. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മൂന്നുപീടിക ഫ്യൂവല്‍സ് എന്ന പമ്പിന്റെ ഉടമ കോഴിപ്പറമ്പില്‍ മനോഹരനാണ് കൊലചെയ്യപ്പെട്ടത്. കയ്പമംഗലം സ്വദേശികളായ അനസ്, അന്‍സാര്‍, സ്റ്റിയോ എന്നിവരാണ് പ്രതികള്‍. പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.
2019 ഒക്ടോബര്‍ 15-ാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി ഒരു മണിക്ക് പമ്പുടമയായ മനോഹരന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. രണ്ടാം പ്രതിയായ അന്‍സാര്‍ മനോഹരന്റെ കാറിനു പിന്നില്‍ ബൈക്ക് ഇടിപ്പിച്ചു. പുറത്തിറങ്ങിയ മനോഹരനെ മറ്റു പ്രതികളും ചേര്‍ന്ന് കീഴ്പ്പെടുത്തി കാറിന്റെ പിന്‍സീറ്റിലേക്ക് പിടിച്ചു കയറ്റുകയും കാറുമായി കടന്നു കളയുകയുമായിരുന്നു. കാറിനുള്ളില്‍ വെച്ച് മനോഹരനെ പ്രതികള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ഗുരുവായൂരിനടുത്ത് മമ്മിയൂരില്‍ ഉപേക്ഷിക്കുകയും ചെയ്തു.
കാര്‍ പിന്നീട് മലപ്പുറം, അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തൊട്ടടുത്ത ദിവസം തന്നെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.